ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ.എസ്.ആർ.ഒ ചെയർമാൻ എസ്. സോമനാഥ് ചന്ദ്രയാൻ-3ന്റെ പ്രവർത്തനങ്ങൾ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു കൊടുത്തു. ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലത്തിന് മോദി പേരിടുകയും ചെയ്തു. ചന്ദ്രയാൻ-3 ഇറങ്ങിയ സ്ഥലം ശിവശക്തി പോയിന്റ് എന്ന് അറിയപ്പെടുമെന്ന് മോദി പറഞ്ഞു.
2019 ൽ ചന്ദ്രയാൻ -2 തകർന്ന ചന്ദ്രനിലെ പോയിന്റിന് 'തിരംഗ പോയിന്റ്' എന്നും പേരിട്ടു.'ചന്ദ്രനിൽ സ്പർശിച്ച സ്ഥലത്തിന് പേരിടാൻ പോവുകയാണ്. വിക്രം ലാൻഡർ തൊടുന്ന സ്ഥലത്തിന് ഇന്ത്യയും ഇപ്പോൾ പേര് നൽകാൻ തീരുമാനിച്ചു. ആ പോയിന്റ് ഇനി 'ശിവശക്തി പോയിന്റ്' എന്ന് അറിയപ്പെടും,'- പ്രധാനമന്ത്രി പറഞ്ഞു.
'ചന്ദ്രയാൻ -2 ന്റെ വിക്രം ലാൻഡർ ക്രാഷ് ലാൻഡർ ചെയ്ത സ്ഥലത്തിന് പേര് നൽകാനും ഇന്ത്യ തീരുമാനിച്ചു. ശരിയല്ലെന്ന് തോന്നിയതിനാൽ ആ സ്ഥലത്തിന് പേര് നൽകേണ്ടതില്ലെന്ന് ഇന്ത്യ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ന്, ചന്ദ്രയാൻ -3 ദൗത്യം വിജയകരമായി ലാൻഡ് ചെയ്തപ്പോൾ. ചന്ദ്രയാൻ-2 അതിന്റെ മുദ്ര പതിപ്പിച്ച സ്ഥലത്തിന് ഒരു പേര് സമർപ്പിക്കാൻ സമയമുണ്ട്. നമുക്ക് ഇപ്പോൾ 'ഹർ ഘർ തിരംഗ' ഉള്ളതിനാലും തിരംഗ ചന്ദ്രനിൽ പോലും ഉള്ളതിനാലും ഈ പോയിന്റിന് 'തിരംഗ' എന്ന് പേരിടുന്നത് നന്നായിരിക്കും. ചന്ദ്രന്റെ ഉപരിതലവുമായുള്ള ഇന്ത്യയുടെ സമ്പർക്കത്തിന്റെ അടയാളമാണിത്.'- പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബെംഗളൂരുവിലെ ഐ.എസ്.ആർ.ഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്കിൽ വെച്ചായിരുന്നു മോദിയുടെ പ്രഖ്യാപനം.
ചന്ദ്രയാന്റെ പ്രയാണം മാനവരാശിയുടെ പ്രയാണമാണെന്ന് മോദി അഭിപ്രായപ്പെട്ടു. ശാസ്‍ത്രജ്ഞരുടെ നേട്ടത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുകയാണ്. ഇത് ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന് മുഴുവൻ അഭിമാനാർഹമാണ്.-മോദി പറഞ്ഞു.
ചാന്ദ്രയാൻ-3 ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരെ നേരിട്ട് കാണാനാണ് മോദി ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തിയത്. ചാന്ദ്രയാൻ-3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തിയപ്പോൾ മോദി ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലായിരുന്നു.ഇന്ത്യയിൽ തിരിച്ചെത്തിയാൽ ഉടൻ ബംഗളൂരുവിൽ പോയി ചന്ദ്രയാൻ-3 വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് ആദരം അർപ്പിക്കാൻ ഞാൻ തീരുമാനിച്ചതായും മോദി വ്യക്തമാക്കി. ഐ.എസ്.ആർ.ഒ മേധാവി എസ്. സോമനാഥും മറ്റ് ശാസ്ത്രജ്ഞരും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.