വിക്രം ലാൻഡർ പകർത്തിയ ചന്ദ്രന്‍റെ ആദ്യ ചിത്രം പുറത്ത്; ചന്ദ്രനോട് കൂടുതൽ അടുത്ത് ലാൻഡർ

ബംഗളൂരു: ചന്ദ്രനിലേക്ക് ഒന്നുകൂടി അടുത്ത് വിക്രം ലാൻഡർ. പ്രഗ്യാൻ റോവറിനെ വഹിക്കുന്ന വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള വേഗത കുറച്ചുള്ള നിർണായക ഭ്രമണപഥം താഴ്ത്തൽ വിജയകരമായി പൂർത്തിയാക്കി.

വെള്ളിയാഴ്ച വൈകീട്ട് നാലിനാണ് ഒന്നാംഘട്ട ഡീ- ബൂസ്റ്റിങ് (വേഗം കുറക്കുന്ന പ്രക്രിയ) ഓപ്പറേഷനിലൂടെ ചന്ദ്രനോട് ഏറ്റവുമടുത്ത ഭ്രമണപഥത്തിലേക്ക് താഴ്ത്തിയത്. ചന്ദ്രനിൽനിന്ന് കുറഞ്ഞത് 113 കിലോമീറ്ററും കൂടിയത് 157 കിലോമീറ്ററും അകലെയാണ് ദീർഘ വൃത്താകൃതിയിലുള്ള ഈ ഭ്രമണപഥം. ത്രസ്റ്റർ എൻജിനുകൾ ഉപയോഗിച്ച് ലാൻഡറിന്‍റെ വേഗം കുറച്ചാണ് ഈ ഘട്ടം പൂർത്തിയാക്കിയത്.

രണ്ടാംഘട്ട ഡീ- ബൂസ്റ്റിങ് ഓപ്പറേഷൻ ഈമാസം 20ന് അർധരാത്രി രണ്ടിന് നടക്കും. ബഹിരാകാശ പേടകത്തിലെ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡർ മൊഡ്യൂളും തമ്മിലെ വേർപിരിയൽ വിജയകരമായി പൂർത്തിയാക്കിയിരുന്നു. ആറുമാസത്തോളം ചാന്ദ്രഭ്രമണപഥത്തിൽ തുടർന്ന് ഭൂമിയെ നിരീക്ഷിക്കുന്ന ദൗത്യമാണ് ഇനി പ്രൊപ്പൽഷൻ മൊഡ്യൂളിന് ബാക്കിയുള്ളത്.

ആഗസ്റ്റ് 23ന് വൈകീട്ട് 5.47ന് ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലെ ‘മാൻസിനസ് സി’ ഗർത്തത്തിന് സമീപം നാലു കിലോമീറ്റർ നീളവും 2.4 കിലോമീറ്റർ വീതിയുമുള്ള പ്രദേശത്ത് ലാൻഡറിനെ ഇറക്കാനാണ് ഐ.എസ്.ആർ.ഒ ലക്ഷ്യമിടുന്നത്. മൃദു ഇറക്കം വിജയകരമായാൽ ഈ നേട്ടം കരസ്ഥമാക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അതേസമയം, പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് വേർപിരിഞ്ഞ വിക്രം ലാൻഡർ പകർത്തിയ ചന്ദ്രന്‍റെ ആദ്യ ചിത്രം ഐ.എസ്.ആർ.ഒ പുറത്തുവിട്ടു.

ലാൻഡർ ഇമേജ് കാമറ -1 പകർത്തിയ ചിത്രമാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ചന്ദ്രനിലെ വ്യത്യസ്ത ഗർത്തങ്ങളാണ് ചിത്രത്തിലുള്ളത്. ഏറ്റവും പ്രായം കുറഞ്ഞ വലിയ ഗർത്തങ്ങളിലൊന്നായ ജിയോർഡാനോ ബ്രൂണോയുടെ ചിത്രവും ഇതിലുണ്ട്.

Tags:    
News Summary - Chandrayaan-3's Lander Vikram Slows Down, Key Manoeuvre Successful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.