ന്യൂഡൽഹി: ജസ്റ്റിസുമാരായ കെ.എം. ജോസഫും അജയ് രസ്തോഗിയും വിരമിച്ചതോടെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ സുപ്രീംകോടതി കൊളീജിയത്തിൽ മാറ്റം. രണ്ടുപേരുടെ ഒഴിവിലേക്ക് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത് എന്നിവരെ ഉൾപ്പെടുത്തി. ഇവരെ കൂടാതെ ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന എന്നിവർ കൂടി അടങ്ങിയതാണ് കൊളീജിയം. ഇതിൽ ജസ്റ്റിസുമാരായ ഖന്നയും ഗവായിയും സൂര്യകാന്തും ഭാവിയിൽ ചീഫ് ജസ്റ്റിസുമാരാകും. ജസ്റ്റിസ് വി. രാമസുബ്രമണ്യൻ വ്യാഴാഴ്ച സുപ്രീംകോടതിയിൽനിന്ന് വിരമിക്കുകയാണ്.
ജസ്റ്റിസ് കൃഷ്ണമുരാരി ജൂലൈ എട്ടിനും വിരമിക്കും. ഇതോടെ ഉന്നതകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 30ൽ താഴെയാകും. ഈ ഒഴിവുകൾ ഫലപ്രദമായി നികത്തൽ കൊളീജിയത്തിന്റെ ഉത്തരവാദിത്തമാണ്. വേനലവധിക്കുശേഷം സുപ്രീംകോടതി ജൂലൈ മൂന്നിന് തുറക്കും. ഹൈകോടതികളിലേക്കുള്ള ജഡ്ജിമാരുടെ നിയമനത്തിനുള്ള മൂന്നംഗ കൊളീജിയത്തിലും മാറ്റം വന്നു. ഇതിൽ ജസ്റ്റിസ് ജോസഫിന് പകരം ജസ്റ്റിസ് ഖന്നയെ ആണ് ഉൾപ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ആണ് ഇതിന്റെയും അമരത്ത്. ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ ആണ് മറ്റൊരംഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.