ന്യൂഡൽഹി: കേരള പത്രപ്രവർത്തക യൂനിയൻ ഡൽഹി ഘടകം സെക്രട്ടറി സിദ്ദീഖ് കാപ്പനെതിരെ യു.പി പൊലീസ് 5000ത്തോളം പേജുള്ള കുറ്റപത്രം സമർപ്പിച്ചു. മഥുര അഡീഷനൽ ജില്ല സെഷൻസ് കോടതിയിൽ ശനിയാഴ്ച വൈകീട്ട് സീഡിയിലാക്കിയാണ് പ്രത്യേക ദൗത്യസംഘത്തിനുവേണ്ടി പ്രോസിക്യൂഷൻ അഭിഭാഷകർ കുറ്റപത്രം സമർപ്പിച്ചത്. കാപ്പനും കൂടെ ജയിലിലായ കാമ്പസ് ഫ്രണ്ട് നേതാക്കൾ, ഡ്രൈവർ എന്നിവർക്കെതിരെയാണ് കുറ്റപത്രം. കേസ് മേയ് ഒന്നിന് വീണ്ടും പരിഗണിക്കും.
കുറ്റപത്രം കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ പകർപ്പ് സ്വാഭാവികമായും ഉടൻ കിട്ടുമെന്ന് കാപ്പെൻറ അഭിഭാഷകൻ അഡ്വ. വിൽസ് മാത്യു 'മാധ്യമ'ത്തോട് പറഞ്ഞു. കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാനും റിപ്പോർട്ട് ചെയ്യാനുംവേണ്ടി കാമ്പസ് ഫ്രണ്ട് നേതാക്കൾക്കൊപ്പം ഹാഥറസിലേക്ക് പോകുകയായിരുന്നു കാപ്പൻ.
എന്നാൽ, ഹാഥറസിലെ സമാധാനം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നാലുപേരും പോവുകയായിരുെന്നന്ന് ആരോപിച്ചാണ് കരിനിയമമായ യു.എ.പി.എയും രാജ്യദ്രോഹക്കുറ്റവും കൂടെ െഎ.ടി നിയമവും ചുമത്തി ഇവർക്കെതിരെ പ്രത്യേക ദൗത്യസേന കുറ്റപത്രം സമർപ്പിച്ചത്.
കുറ്റപത്രം സമർപ്പിക്കാൻ രണ്ടു ദിവസംകൂടി ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രത്യേക ദൗത്യസേനക്ക് ഏപ്രിൽ മൂന്നുവരെ മഥുരയിലെ വിചാരണക്കോടതി സമയം നീട്ടി നൽകിയിരുന്നു. കാപ്പനൊപ്പം അറസ്റ്റിലായി മഥുര ജയിലിൽ കഴിയുന്ന കാമ്പസ് ഫ്രണ്ട് നേതാക്കൾ അടക്കമുള്ള മൂന്നുപേരെ സന്ദർശിക്കാൻ അവരുടെ അഭിഭാഷകർക്ക് അലഹബാദ് ഹൈകോടതിയെ സമീപിക്കേണ്ടിവന്നിരുന്നു. മഥുര ജയിൽ സൂപ്രണ്ട് അഭിഭാഷകർക്ക് അനുമതി നിഷേധിച്ചതിനെതുടർന്നായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.