ന്യൂഡൽഹി: എക്കാലവും കർഷകർക്കുവേണ്ടി നിലകൊണ്ട കരുത്തനായ നേതാവാണ് മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്. നെഹ്റുവിന്റെ സോഷ്യലിസ്റ്റ് സമ്പദ്വ്യവസ്ഥയെ എതിർത്ത അദ്ദേഹം കർഷകരുടെ ഉടമസ്ഥാവകാശത്തിനായി നിലകൊണ്ടു. മറ്റു പല വലിയ നേതാക്കളെയുംപോലെ കോൺഗ്രസുകാരനായാണ് രാഷ്ട്രീയജീവിതം തുടങ്ങിയത്. എന്നാൽ, 1960കളിൽ അദ്ദേഹം പാർട്ടി വിടുകയും ഉത്തരേന്ത്യയിലെ ആദ്യ കോൺഗ്രസ് ഇതര സർക്കാർ രൂപവത്കരിക്കുകയുംചെയ്തു. രണ്ടു തവണ യു.പി മുഖ്യമന്ത്രിയായി. കഷ്ടി ഒരു മാസം രാജ്യത്തിന്റെ പ്രധാനമന്ത്രിയുമായി. ഉത്തർപ്രദേശിലെ മീററ്റിലുള്ള നൂർപുർ ഗ്രാമത്തിൽ 1902 ഡിസംബർ 23നാണ് ജനനം. സ്വാമി ദയാനന്ദ സരസ്വതിയുടെ ആശയങ്ങൾ ആഴത്തിൽ സ്വാധീനിച്ചു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. നിരവധിതവണ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 1937ൽ മീററ്റിൽനിന്ന് യുനൈറ്റഡ് പ്രൊവിൻസ് അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 67ലാണ് കോൺഗ്രസ് വിട്ടത്. തുടർന്ന് സംയുക്ത വിധായക് ദൾ നേതാവായി തെരഞ്ഞെടുക്കപ്പെടുകയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായി. ഉത്തരേന്ത്യയിലെ ആദ്യത്തെ കോൺഗ്രസ് ഇതര സർക്കാറായിരുന്നു അത്. യു.പിയിൽ നിരവധി കർഷക അനുകൂല നിയമങ്ങൾ കൊണ്ടുവന്നു. ജനത പാർട്ടിസ്ഥാപക അംഗങ്ങളിൽ ഒരാളാണ്. ജനത പാർട്ടി സർക്കാറിൽ ആഭ്യന്തര മന്ത്രിയായിരുന്നു. 1977ൽ ജനത പാർട്ടി അധികാരത്തിൽ വന്നതുമുതൽ പ്രധാനമന്ത്രിയാകാൻ താൽപര്യമുണ്ടായിരുന്നു. ഒടുവിൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ജനത പാർട്ടി പിളർന്ന് കോൺഗ്രസ് പിന്തുണയോടെ, ’79 ജൂലൈ 28ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1987 മേയ് 29ന് 84ാം വയസ്സിൽ സിങ് നിര്യാതനായി. പരേതനായ അജിത് സിങ് ഉൾപ്പെടെ ആറു മക്കളുണ്ട്. അജിത് സിങ്ങിന്റെ മകനാണ് ജയന്ത് ചൗധരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.