ഭോപാൽ: മധ്യപ്രദേശിലെ കുനോ ദേശീയ പാർക്ക് ചീറ്റപ്പുലികളെ വരവേൽക്കാൻ ഒരുങ്ങിയിട്ട് മാസങ്ങളായി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചാകും ചീറ്റകളെ എത്തിക്കുക എന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും രാജ്യങ്ങൾ തമ്മിലുള്ള ഉടമ്പടികൾ നടക്കുന്നതേയുള്ളൂവെന്നും ഈ മാസം അവസാനത്തോടെ എത്തിക്കാൻ ശ്രമിക്കുമെന്നും പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.
ഭൂഖണ്ഡാന്തര സ്ഥലം മാറ്റൽ പദ്ധതി പ്രകാരമാണ് ചീറ്റകളെ കൊണ്ടുവരുന്നത്. ആഫ്രിക്കയിൽ നിന്ന് 12ഉം നമീബിയയിൽ നിന്ന് എട്ടും ചീറ്റകളെയാണ് കൊണ്ടുവരിക. കൈമാറാനുള്ള ചീറ്റകളെ വാക്സിനേറ്റ് ചെയ്യുകയും ക്വാറന്‍റീനിൽ നിരീക്ഷിക്കുകയും ചെയ്തിരുന്നു. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടും ദേശീയ കടുവ സംരക്ഷണ അതോറിറ്റിയും ചേർന്നാണ് പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്.
നമീബിയയിൽ നിന്നും ഗ്വാളിയാർ അല്ലെങ്കിൽ ജയ്പൂർ വിമാനത്താവളത്തിലേക്കായിരിക്കും ചീറ്റകളെ ആദ്യം എത്തിക്കുക. ഇതോടെ 1952ൽ ഇന്ത്യയിൽ ചീറ്റകൾക്ക് വംശനാശം സംഭവിച്ചെന്ന ഔദ്യോഗിക റിപ്പോർട്ടുകൾക്ക് ശേഷം ആദ്യമായാകും ഇവയുടെ സാന്നിധ്യം ഇവിടെ ഉണ്ടാവുക.
750 കിലോമീറ്റർ ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ച് കിടക്കുന്ന ഷിയോപൂരിലെ കുനോ-പാൽപൂർ പാർക്കിൽ അഞ്ച് ചതുരശ്ര കിലോമീറ്റർ ചീറ്റകൾക്കായി നീക്കി വെച്ചിട്ടുണ്ട്. മാംസഭുക്കുകളെ ഏറെ പരിപാലിക്കുന്ന കുനോയിലാണ് ചീറ്റകളെ സംരക്ഷിക്കാനുള്ള പാരിസ്ഥിതിക ശേഷി കൂടുതലെന്ന് ഷിയോപൂർ ഡിവിഷണൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പ്രാകാശ് ശർമ അറിയിച്ചു. ഏഷ്യാറ്റിക് സിംഹങ്ങളെ പാർപ്പിക്കാൻ തിരഞ്ഞെടുത്ത പാർക്കുകളിലും ഇതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.