ചെക്ക് തട്ടിപ്പ്: ആക്സിസ് ബാങ്ക് 74 ലക്ഷം രൂപ നൽകണം; ഉത്തരവ് 15 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ

ന്യൂഡൽഹി: ചെക്ക് തട്ടിപ്പ് കേസി​ലെ ഇരകൾക്ക് ആക്സിസ് ബാങ്ക് 74 ലക്ഷം രൂപ നൽക​ണമെന്ന് ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷന്റെ ഉത്തരവ്. നഷ്ടപരിഹാരം ഉൾപ്പടെയുള്ള തുകയാണ് നിശ്ചയിച്ചിരിക്കുന്നത്. വ്യാജ ചെക്ക് ഉപയോഗിച്ച് പണം പിൻവലിച്ച സംഭവത്തിൽ അഞ്ച് പേർക്ക് അനുകൂലമായാണ് ഉത്തരവ്.

2008 മേയ് 24ന് പരാതിക്കാരിലൊരാൾ ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ വന്നപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. 11.93 ലക്ഷം രൂപയുണ്ടായിരുന്നയാളുടെ അക്കൗണ്ടിൽ കേവലം 10,000 രൂപ മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഗുർവീന്ദർ സിങ് എന്നയാൾ ചെക്ക് ഉപയോഗിച്ച് ഇയാളുടെ അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചുവെന്ന് കണ്ടെത്തി.

എന്നാൽ, അങ്ങനെയൊരു ചെക്ക് താൻ നൽകിയിട്ടില്ലെന്ന വാദത്തിൽ പരാതിക്കാരൻ ഉറച്ചുനിന്നതോടെ ബാങ്ക് അധികൃതർ വിശദമായ അന്വേഷണം നടത്തി. ഈ അന്വേഷണത്തിൽ ബാങ്കിന്റെ ഇതേ ബ്രാഞ്ചിൽ നിന്നും മറ്റ് നാല് പേർക്ക് കൂടി പണം നഷ്ടമായെന്ന് വ്യക്തമായി. 2008ൽ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയവർക്കായിരുന്നു പണം നഷ്ടമായത്. പിന്നീട് ഇവർ അഞ്ച് പേരും ചേർന്ന് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമീഷനിൽ പരാതി നൽകുകയായിരുന്നു.

തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ ആർ.ബി.ഐക്കും ആക്സിസ് ബാങ്ക് കൈമാറി. പിന്നീട് ബാങ്ക് നടത്തിയ അന്വേഷണത്തിൽ അവരുടെ ജീവനക്കാർക്ക് ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. പിന്നീട് 2009 ഒക്ടോബർ 13ന് കേസ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനിലെത്തിയപ്പോൾ തങ്ങൾക്ക് പിഴവില്ലെന്നായിരുന്നു ആക്സിസ് ബാങ്കിന്റെ വാദം.

ആക്സിസ് ബാങ്കിൽ നിന്നും പണം പിൻവലിക്കാൻ ഉപയോഗിച്ച ചെക്കുകളിലെ ഒപ്പുകളിൽ കൈയക്ഷര വിദഗ്ധർ പരിശോധന നടത്തുകയും അത് അക്കൗണ്ട് ഉടമകളുടേത് അല്ലെന്ന് കണ്ടെത്തുകയും ചെയ്തു. ഇതോടെ കേസിലെ പരാതിക്കാർക്ക് അനുകൂലമായി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷൻ ഉത്തരവിട്ടു. ഇതിനെതിരെ സംസ്ഥാന, ദേശീയ ഉപഭോക്തൃ തർക്കപരിഹാര കമീഷനുകളിൽ ആക്സിസ് ബാങ്ക് ഹരജി നൽകിയെങ്കിലും വിധിയിൽ മാറ്റമുണ്ടായില്ല. ഇവരുടെ അക്കൗണ്ടുകളിൽ നിന്നും പണം പിൻവലിച്ച ഗുർവീന്ദർ സിങ്ങിനെ കണ്ടെത്താൻ അന്വേഷണം വ്യാപകമാക്കിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല.

Tags:    
News Summary - Cheque fraud victims to get Rs 74 lakh from Axis Bank after 15 years long legal fight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.