ഐസ്വാൾ/ റായ്പൂർ: അഞ്ച് സംസ്ഥാനങ്ങളിലെ നിർണായകമായ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടത്തിലെ പ്രചാരണത്തിന് ഞായറാഴ്ച സമാപനം. 40 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന മിസോറമിലും ഛത്തീസ്ഗഢിലെ 20 മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ചയാണ്.
ത്രികോണമത്സരം നടക്കുന്ന മിസോറമിൽ 16 വനിതകളടക്കം 174 സ്ഥാനാർഥികളാണ് രംഗത്തുള്ളത്. ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട് (എം.എൻ.എഫ്), പ്രതിപക്ഷമായ സോറം പീപിൾസ് മൂവ്മെന്റ് (ഇസഡ്.പി.എം), കോൺഗ്രസ്, എന്നീ കക്ഷികളാണ് 40 സീറ്റുകളിലും പോരടിക്കുന്നത്. ബി.ജെ.പി 23 ഇടത്തും ആം ആദ്മി പാർട്ടി നാലിടത്തും മത്സരിക്കുന്നു. 8,56,868 വോട്ടർമാരാണ് വിധിയെഴുതുന്നത്.
87 ശതമാനം ക്രിസ്ത്യാനികളുള്ള സംസ്ഥാനത്ത് മണിപ്പൂർ കലാപമടക്കമുള്ള കത്തുന്ന വിഷയങ്ങൾ പ്രചാരണായുധമായിട്ടുണ്ട്. നിലവിലുള്ള നിയമസഭയിൽ അഞ്ച് സീറ്റ് മാത്രമേയുള്ളൂവെങ്കിലും കോൺഗ്രസ് ഇത്തവണ വൻ പ്രതീക്ഷയിലാണ്. രാഹുൽ ഗാന്ധിയും ജയ്റാം രമേശും ശശി തരൂരുമടക്കമുള്ള നേതാക്കൾ പ്രചാരണത്തിനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയിരുന്നില്ല. എം.എൻ.എഫിനെതിരായ വികാരം പ്രാദേശിക കക്ഷിയായ ഇസഡ്.പി.എം മുതലെടുക്കാനുള്ള ശ്രമത്തിലാണ്.
2018ൽ 26 സീറ്റുമായാണ് എം.എൻ.എഫ് അധികാരത്തിലെത്തിയത്. പിന്നീട് ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് കൂടി എം.എൻ.എഫിന് കിട്ടി. മറ്റിടങ്ങളിലുള്ളതുപോലെ പ്രകടനങ്ങളും മറ്റുമില്ലാതെയായിരുന്നു മിസോറമിലെ പ്രചാരണം. ക്രിസ്തുമതവുമായി ബന്ധപ്പെട്ട സംഘമായ മിസോ പീപിൾസ് ഫോറം ഒരുക്കുന്ന വേദിയിൽ സ്ഥാനാർഥികളെത്തി അവകാശവാദങ്ങളും വാഗ്ദാനങ്ങളും ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതായിരുന്നു രീതി.
നക്സൽബാധിത പ്രദേശങ്ങളായ 20 മണ്ഡലങ്ങളിലാണ് ഛത്തീസ്ഗഢിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ്. ബാക്കി 70 മണ്ഡലങ്ങളിൽ ഈ മാസം 17നാണ് വിധിയെഴുത്ത്. പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്ത് പ്രചാരണം തുടരുകയാണ്.
പ്രധാനമന്ത്രി മോദി ശനിയാഴ്ച വിവിധ മണ്ഡലങ്ങളിൽ യോഗത്തിൽ സംസാരിച്ചു. മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ വാതുവെപ്പുകാരിൽനിന്ന് 508 കോടി രൂപ വാങ്ങിയെന്ന മൊഴിയും അന്വേഷണം നടത്തുമെന്ന ഇ.ഡിയുടെ പ്രസ്താവനയുമാണ് നിലവിൽ പ്രചാരണത്തിലെ കത്തുന്ന വിഷയം.
ആദ്യഘട്ടത്തിൽ 223 സ്ഥാനാർഥികൾ ജനവിധി തേടുന്നുണ്ട്. രണ്ടാം ഘട്ടത്തിൽ 958ഉം. ഭരണകക്ഷിയായ കോൺഗ്രസ് നിരവധി പുതിയ പദ്ധതികളും സൗജന്യങ്ങളുമാണ് ഉറപ്പുനൽകുന്നത്. ബി.ജെ.പിയും വാഗ്ദാനത്തിൽ പിന്നിലല്ല.
ഐസ്വാൾ: മിസോറമിൽ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ശശി തരൂർ എം.പി. കേന്ദ്രത്തിൽ ബി.ജെ.പി ഭരണത്തിലെത്തിയതിനുശേഷം വടക്കുകിഴക്കൻ മേഖലയിൽ മിസോറമിലായിരിക്കും ആദ്യമായി വീണ്ടും കോൺഗ്രസ് സർക്കാർ രൂപവത്കരിക്കുകയെന്ന് ഐസ്വാളിൽ വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ ദൗർബല്യമല്ല വൈവിധ്യമാണ് കോൺഗ്രസ് ആഘോഷിക്കുന്നത്. ഒരു ഭാഷ, ഒരു സംസ്കാരം എന്ന ആശയത്തെ എതിർക്കും. വൈവിധ്യം നിലനിർത്തിത്തന്നെ രാജ്യത്തിന് ഒരുമയോടെ മുന്നോട്ടുപോകാനാകും. വാഗ്ദാനങ്ങൾ പാലിക്കാനാകാത്ത ബി.ജെ.പി വൻ പരാജയമാണെന്നും തരൂർ ആരോപിച്ചു. 2018ലാണ് കോൺഗ്രസിന് മിസോറമിൽ അധികാരം നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.