കാങ്കെർ: ഛത്തിസ്ഗഢിൽ വീണ്ടും സുരക്ഷാസേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ. കാങ്കെർ ജില്ലയിലെ ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ വനമേഖലയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
കഴിഞ്ഞ ദിവസം ഛത്തിസ്ഗഢിലെ ബസ്തർ മേഖലയിലെ കാങ്കെർ ജില്ലയിൽ മുതിർന്ന നേതാവ് ഉൾപ്പെടെ 29 മാവോവാദികൾ സുരക്ഷാസേനയുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഛോട്ടേബെത്തിയ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബിനഗുണ്ട, കൊറോനാർ ഗ്രാമങ്ങൾക്കിടയിലുള്ള ഹപതോല വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തുനിന്ന് 29 മൃതദേഹങ്ങൾ കണ്ടെടുത്തു. എ.കെ 47 തോക്കുകൾ, മൂന്ന് യന്ത്രത്തോക്കുകൾ എന്നിവ ഉൾപ്പെടെ നിരവധി ആയുധങ്ങളും കണ്ടെടുത്തു. എട്ട് മാവോവാദികൾ അറസ്റ്റിലായതായും അധികൃതർ വ്യക്തമാക്കി.
ബസ്തർ മേഖലയിലെ ഏറ്റവും വലിയ മാവോവാദി ഏറ്റുമുട്ടലുകളിലൊന്നാണ് ഇത്. കൊല്ലപ്പെട്ട മാവോവാദി നേതാവ് ശങ്കർ റാവുവിന്റെ തലക്ക് പൊലീസ് 25 ലക്ഷം രൂപ വിലയിട്ടിരുന്നു. മുതിർന്ന നേതാക്കൾ ഉൾപ്പെടെ തമ്പടിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന പ്രദേശത്ത് തെരച്ചിൽ നടത്തിയത്.
കഴിഞ്ഞ മാസം കാങ്കെർ ജില്ലയിൽ സുരക്ഷാ സേനയും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഏറ്റുമുട്ടലിൽ ഒരു മാവോവാദിയെ സേന വധിച്ചിരുന്നു. ഏപ്രിൽ 26ന് രണ്ടാംഘട്ട ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലമാണ് കാങ്കെർ ജില്ല. കഴിഞ്ഞ നാല് മാസത്തിനിടെ 72 മാവോവാദികളാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.