കൊള്ളയടിക്കാനുള്ള ഒരു അവസരവും പാഴാക്കാത്ത കോൺഗ്രസ് സർക്കാറാണ് ഛത്തീസ്ഗഡ് ഭരിക്കുന്നത് -മോദി

റായ്പുർ: മഹാദേവ് വാതുവയ്പ്പ് ആപ്പ് കുംഭകോണത്തിലെ പ്രതികളുമായി കോൺഗ്രസ് സർക്കാറിനും മുഖ്യമന്ത്രിക്കുമുള്ള പങ്ക് ഛത്തീസ്ഗഡിലെ ജനങ്ങളോട് വെളിപ്പെടുത്താൻ സർക്കാർ തയാറാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് മഹാദേവ് വാതുവെപ്പ് ആപ്പിന്‍റെ പ്രമോട്ടർമാർ 508 കോടി രൂപ നൽകിയെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് വിമർശനം.

മഹാദേവ് വാതുവെപ്പ് ആപ്പ് കുംഭകോണത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഇമെയിൽ പ്രസ്താവനയിൽ ആപ്പ് പ്രമോട്ടർമാർ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ബാഗേലിന് 508 കോടി രൂപ കൈക്കൂലി നൽകിയതായി പറയപ്പെടുന്നു. കൂടാതെ വ്യാഴാഴ്ച റായ്പൂരിലെ ഒരു ഹോട്ടലിൽ നിന്ന് 5.39 കോടി രൂപ കൈക്കൂലി നൽകിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടെത്തുകയും പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് രാഷ്ട്രീയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ഇ.ഡി പിടിച്ചെടുത്ത പണം കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള പണമെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം.

കൊള്ളയടിക്കാനുള്ള ഒരു അവസരവും ഛത്തീസ്ഗഡിലെ കോൺഗ്രസ് സർക്കാർ പാഴാക്കിയിട്ടില്ലെന്നും അതിനായി അവർ മഹാദേവന്‍റെ പേര് പോലും ഉപയോഗിച്ചതായും മോദി ദുർഗിലെ തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു.അതേസമയം, നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രംഗത്തെത്തി. ആപ്പിന്‍റെ പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ നിന്നും, അറസ്‌റ്റ് നടത്തുന്നതിൽ നിന്നും ദുബൈയിലുള്ളവരുമായി നടത്തിയ എന്ത് കരാറാണ് പ്രധാനമന്ത്രിക്ക് തടസമെന്നായിരുന്നു ഭൂപേഷ് ബാഗേലിന്‍റെ മറുചോദ്യം.

"പ്രധാനമന്ത്രി മോദി ചോദിക്കുന്നു, ഞങ്ങൾക്ക് ദുബൈയിലുള്ളവരുമായി എന്താണ് ബന്ധം? എനിക്ക് അദ്ദേഹത്തോട് ചോദിക്കാൻ ആഗ്രഹമുണ്ട്, ദുബൈയിലുള്ളവരുമായി നിങ്ങൾക്ക് എന്താണ് ബന്ധം? ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടും ആരെയും അറസ്‌റ്റ് ചെയ്യാത്തത് എന്തുകൊണ്ട്? അറസ്‌റ്റ് ചെയ്യേണ്ടത് ഇന്ത്യൻ സർക്കാറിന്‍റെ കടമയാണ്” -ബാഗേൽ പറഞ്ഞു

Tags:    
News Summary - Chhattisgarh government is ruling Chhattisgarh without wasting any opportunity to loot - Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.