റായ്പൂർ: കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിയും നേതൃമാറ്റമുണ്ടാകുമെന്ന് സൂചന. നേതൃമാറ്റത്തിനൊരുങ്ങുന്നെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ഡസനിലധികം ഛത്തീസ്ഗഡ് എം.എൽ.എമാർ ഡൽഹിയിലെത്തി. ഇതോടെ ഛത്തീസ്ഗഡ് കോൺഗ്രസ് രാഷ്ട്രീയവും ചൂടുപിടിക്കുമെന്നാണ് സൂചന.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പിന്തുണ അറിയിക്കാനാണ് എം.എൽ.എമാർ ഡൽഹിയിലെത്തിയതെന്നാണ് വിവരം. എന്നാൽ, രാഹുൽ ഗാന്ധിയുടെ ഛത്തീസ്ഗഡ് സന്ദർശനവുമായി ബന്ധെപ്പട്ടാണ് തങ്ങൾ ഡൽഹിയിലെത്തിയതെന്ന് ചില എം.എൽ.എമാർ പ്രതികരിച്ചു.
16ഓളം എം.എൽ.എമാരാണ് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്. രാഹുൽ ഛത്തീസ്ഗഡ് സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു. എല്ലാ എം.എൽ.എമാർക്കും രാഹുൽ ഗാന്ധിയുടെ സന്ദർശത്തിന്‍റെ പ്രയോജനം ലഭിക്കുന്നതിനായി സന്ദർശന ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സംസ്ഥാന ചുമതലയുള്ള പി.എൽ. പുനിയയോട് അഭ്യർഥിക്കാൻ എത്തിയതാണെന്ന് എം.എൽ.എ ബ്രിഹസ്പത് സിങ് പറഞ്ഞു.
മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് പിന്തുണ അറിയിക്കാൻ എത്തിയതാണോയെന്ന ചോദ്യത്തിനും എം.എൽ.എമാർ പ്രതികരിച്ചു. 'ഞങ്ങളുടെ പാർട്ടിക്ക് 70 എം.എൽ.എമാരുണ്ട് (90 അംഗ നിയമസഭയിൽ). ഇതിൽ 60 എം.എൽ.എമാരും പുനിയയോട് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നു. ഹൈക്കമാൻഡ് കാര്യങ്ങൾ തീരുമാനിക്കുേമ്പാൾ എല്ലാ എം.എൽ.എമാരും മുഖ്യമന്ത്രിയും നന്നായി പ്രവർത്തിക്കുേമ്പാൾ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ല' -എം.എൽ.എ കൂട്ടിച്ചേർത്തു.
അതേസമയം, മുഖ്യമന്ത്രിയും ആരോഗ്യമന്ത്രി ടി.എസ്. സിങ്ങ് ഡിയോയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളുമായി ബന്ധെപ്പട്ട ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. അവർ പരസ്പരം ബഹുമാനിക്കുന്നുവെന്നും ഒരേ വേദി പങ്കിട്ടുവെന്നും അദ്ദേഹം പറഞ്ഞു. 'പഞ്ചാബിലെ സാഹചര്യത്തോട് സമാനമല്ല ഛത്തീസ്ഗഡിലേത്. ഒരു നേതാവിനെ സന്തോഷിപ്പിക്കാൻ വേണ്ടി മാത്രം പാർട്ടിയെയും ഹൈകമാൻഡിനെയും സർക്കാറിനെയും അപകടത്തിലാക്കില്ല' -ആരെയും പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.
2021 ജൂണിൽ ബാഗൽ സർക്കാർ രണ്ടരവർഷം പൂർത്തിയാക്കിയതോടെ നേതൃമാറ്റമെന്ന ആവശ്യം ഉയർന്നിരുന്നു. സർക്കാർ പകുതി കാലാവധി പൂർത്തിയാക്കുേമ്പാൾ നേതൃമാറ്റമുണ്ടാകുമെന്ന് ഹൈകമാൻഡ് 2018ൽ ഉറപ്പുനൽകിയിരുന്നതായി സിങ് ഡിയോ അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ പി.എൽ. പുനിയ സിങ്ങിന്‍റെ അവകാശ വാദം നിഷേധിച്ചിരുന്നു. തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ആഭ്യന്തര കലഹം നിലനിൽക്കുന്നുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.