ഭോപ്പാൽ: ഛത്തീസ്ഗഡിൽ അടുത്തിടെ കേന്ദ്ര ഏജൻസികൾ നടത്തിയ റെയ്ഡുകൾക്ക് കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്താനാവില്ലെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. മധ്യപ്രദേശിൽ ബി.ജെ.പിക്ക് രണ്ട് മുഖങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ദരിദ്രർക്കും ദലിതർക്കും ആദിവാസികൾക്കും എതിരാണെന്നും ഖാർഗെ പറഞ്ഞു.
"ഞാൻ ഇന്നലെ ഛത്തീസ്ഗഡിൽ ഉണ്ടായിരുന്നു. മോദിയുടെയും അമിത് ഷായുടെയും ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഇ.ഡിയുടെയും സി.ബി.ഐയുടെയും ആദായനികുതി വകുപ്പിന്‍റെയും റെയ്ഡുകളിലൂടെ അവർ ഞങ്ങളുടെ പാർട്ടി പ്രവർത്തകരെ ഭയപ്പെടുത്താൻ ആഗ്രഹിക്കുന്നു- അദ്ദേഹം പറഞ്ഞു.
റെയ്ഡുകൾ കാരണം കോൺഗ്രസ് പ്രവർത്തകർ നിരാശരായി വീട്ടിലിരിക്കുമെന്നാണ് ബി.ജെ.പി കരുതുന്നതെന്നും പക്ഷേ ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് തീർച്ചയായും വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡുകളിലൂടെ ഛത്തീസ്ഗഡിലെ തങ്ങളുടെ സർക്കാരിനെ ലക്ഷ്യമിടാൻ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രം അന്വേഷണ ഏജൻസികളെ ആയുധമാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് ബ്രിട്ടീഷ് ഭരണാധികാരികളോട് പോരാടുകയും അവരെ തിരിച്ചയക്കുകയും മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യം ഉറപ്പാക്കുകയും ചെയ്തവരാണെന്നും ജവഹർലാൽ നെഹ്‌റു ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും അംബേദ്കർ പാവങ്ങളെ ശക്തിപ്പെടുത്താൻ നിയമം ഉണ്ടാക്കുകയും ചെയ്തു. മോദിയെയും ഷായെയും അവരുടെ ശിഷ്യന്മാരെയും കണ്ട് ഭയപ്പെടാൻ പോകുന്നില്ലെന്നും കോൺഗ്രസ് അനുദിനം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.