ന്യൂഡൽഹി: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കും മാത്രം കോടതികൾ ജാമ്യം നിഷേധിക്കുന്നത് എന്തുകൊണ്ടെന്ന് കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. ''സമത്വമെന്നാൽ തുല്യമായി നീതി ലഭ്യമാകലും നിയമ തത്ത്വങ്ങൾ തുല്യമായി നടപ്പാക്കപ്പെടലുമാണ്. എന്നിട്ടും എന്തുകൊണ്ടാണ് മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനും കൊമേഡിയൻ മുനവ്വർ ഫാറൂഖിക്കും മാത്രം കോടതികൾ ജാമ്യം നിഷേധിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടന ബെഞ്ച് (ജസ്റ്റീസ് രവീന്ദ്ര ഭട്ട്), മറ്റൊരു ബെഞ്ച് (ജസ്റ്റീസ് ചന്ദ്രചൂഢ് എന്നിവരുടെ 'ജാമ്യമാണ് നിയമമെന്നും ജയിൽ അപവാദം മാത്രമെന്നു'മുള്ള തത്ത്വം എല്ലാ കേസിലും നടപ്പാകാതെ പോകുന്നത് എന്തുകൊണ്ടാണ്?''- ചിദംബരം ചോദിക്കുന്നു.
19കാരിയായ ദളിത് പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായി മരണത്തിന് കീഴടങ്ങിയ ഹാഥറസിലേക്കുള്ള യാത്രക്കിടെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഉത്തർ പ്രദേശിലെ മഥുരയിൽ കാപ്പനും അതീഖുർ റഹ്മാൻ, മസൂദ് അഹ്മദ്, ആലം എന്നിവരും അറസ്റ്റിലായത്.
ഇന്ദോറിൽ ജനുവരി ഒന്നിന് പുതുവർഷാഘോഷ ചടങ്ങിൽ മതവികാരം വൃണപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു 28കാരനായ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്. കോടതിയെ സമീപിച്ചിട്ടും ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല. ബി.ജെ.പി എം.എൽ.എ മാലിനി ഗൗഡിന്‍റെ മകൻ എകലവ്യ ഗൗഡ് നൽകിയ പരാതിയിലായിരുന്നു അറസ്റ്റ്. സഹപ്രവർത്തകരായ നളിനി യാദവ്, പ്രഖർ വ്യാസ്, പ്രിയം വ്യാസ്, ഫാറൂഖിയുടെ സുഹൃത്ത് സദഖത് ഖാൻ എന്നിവരും കസ്റ്റഡിയിലാണ്.
ഫാറൂഖി മതവികാരം വൃണപ്പെടുത്തിയതിന് തെളിവൊന്നുമില്ലെന്ന് ഇന്ദോർ പൊലീസ് കോടതിയിൽ മൊഴി നൽകിയിരുന്നു. കേസ് ഡയറിയും ഹാജരാക്കിയില്ല. എന്നിട്ടും മൂന്നാഴ്ചയായി ഇവരും മാസങ്ങളായി സിദ്ദീഖ് കാപ്പനും ജയിലിലാണ്.
സി.എ.എ വിരുദ്ധ സമരങ്ങളിലെന്ന പോലെ ഹാഥറസിലും കലാപം സൃഷ്ടിക്കാൻ കാപ്പനും സംഘവും ഫണ്ട് സ്വരൂപിക്കുകയായിരുന്നുവെന്നാണ് യു.പി പോലീസ് ചുമത്തിയ കുറ്റങ്ങൾ. ഇവർ പോപുലർ ഫ്രണ്ട്, മുൻ സിമി പ്രവർത്തകരാണെന്നും യു.പി സർക്കാറും കോടതിയിൽ വാദിച്ചിരുന്നു.
ഫാറൂഖിയുടെ കേസ് പരിഗണിക്കുന്ന ഇന്ദോർ സെഷൻസ് കോടതി ഇതുവരെയും ഇവർ സമർപ്പിച്ച എല്ലാ ജാമ്യ ഹരജികളും തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.