ന്യൂഡൽഹി: ഗുജറാത്ത് വംശഹത്യയിലെ ബിൽകീസ് ബാനു കേസിലെ 11 കുറ്റവാളികളെയും ശിക്ഷ തീരും മുമ്പ് വിട്ടയച്ചതിനെതിരെ സമർപ്പിച്ച ഹരജികൾ നിരന്തരം സുപ്രീംകോടതിയിൽ പരാമർശിക്കേണ്ടതില്ലെന്നും അതേറെ അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. മുൻ ഗുജറാത്ത് നിയമ സെക്രട്ടറിയായ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബാല എം. ത്രിവേദി പിന്മാറിയതിനെ തുടർന്ന് ചൊവ്വാഴ്ച കേസ് കേൾക്കാതിരുന്ന വിഷയം ബിൽകീസിന്റെ അഭിഭാഷക ശോഭ ഗുപ്ത ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നീരസം പ്രകടിപ്പിച്ചത്.
ബിൽകീസിന്റെ ഹരജി ചൊവ്വാഴ്ച കേൾക്കാനായി കേസ് പട്ടികയിൽപ്പെടുത്തിയിരുന്നുവെന്നും എന്നാൽ, കേസ് പരിഗണിച്ചില്ലെന്നും അഡ്വ. ശോഭ ഗുപ്ത ബോധിപ്പിച്ചപ്പോൾ അതിനെന്താണെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് തിരിച്ചുചോദിച്ചു. 'ഇത് ഇനിയും ശ്രദ്ധയിൽപ്പെടുത്തേണ്ട. ഈ കേസ് കേൾക്കാനുള്ള പട്ടികയിൽപ്പെടുത്തും. സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധന ഹരജിയും ചൊവ്വാഴ്ച അഭിഭാഷകർക്ക് നൽകിയിട്ടുണ്ട്.
ഒരേ കാര്യം വീണ്ടും വീണ്ടും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തരുത്. അത് ഏറെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്- ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു. കേസ് പട്ടികയിൽപ്പെടുത്തുമെന്ന് അദ്ദേഹം ആവർത്തിക്കുകയും ചെയ്തു. ജസ്റ്റിസ് ബാല ത്രിവേദി ബിൽകീസ് ബാനു കേസ് കേൾക്കുന്നതിൽനിന്ന് പിന്മാറിയെന്ന് കേസ് വിളിച്ചപ്പോഴാണ് ജസ്റ്റിസ് അജയ് രസ്തോഗി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.