ഗുവാഹതി: കെട്ടിക്കിടക്കുന്ന കേസുകളുടെ ബാഹുല്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. 25 വർഷമായി കെട്ടിക്കിടക്കുന്ന കേസുകളുെട എണ്ണം രണ്ടു ലക്ഷത്തിലേറെയാണെന്നും 50 വർഷമായിട്ടും തീർപ്പാക്കാത്ത ആയിരത്തിലേറെ കേസുകളുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഗുവാഹതിയിൽ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഗൊഗോയ് അമ്പരപ്പിക്കുന്ന കണക്കുകൾ വിശദീകരിച്ചത്. കേസുകളുടെ മെല്ലെപ്പോക്കിൽ രാജ്യത്തെ നീതിന്യായ സംവിധാനം ഏറെ വിമർശനം ഏറ്റുവാങ്ങുന്നുവെങ്കിലും ജുഡീഷ്യറി മാത്രമല്ല, ഉദ്യോഗസ്ഥ വിഭാഗവും ഇതിന് ഉത്തരവാദിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘‘കെട്ടിക്കിടക്കുന്ന 90 ലക്ഷം സിവിൽ കേസുകളിൽ സമൻസ് അയക്കാത്തവ മാത്രം 20 ലക്ഷം കവിയും.
ക്രിമിനൽ കേസുകളുടെ കാര്യം ഇതിലും ദയനീയമാണ്. പരിഗണിക്കാതെ കിടക്കുന്ന 2.10 കോടി ക്രിമിനൽ കേസുകളിൽ സമൻസ് ഘട്ടത്തിലുള്ളവ മാത്രം ഒരു കോടി കവിയും. സമൻസ് അയച്ചില്ലെങ്കിൽ എങ്ങനെയാണ് ഞങ്ങൾ വിചാരണ നടത്തുക എന്നാണ് ഭരണനിർവഹണ വിഭാഗത്തോട് ചോദിക്കാനുള്ളത്. സമൻസ് പുറപ്പെടുവിക്കേണ്ട പൂർണ ചുമതല സർക്കാറിെൻറ ഭരണ നിർവഹണ വിഭാഗത്തിനാണ്’’ -ഗൊഗോയ് തുറന്നടിച്ചു.
കെട്ടിക്കിടക്കുന്ന ക്രിമിനൽ കേസുകളിൽ 45 ലക്ഷവും പെറ്റികേസുകളാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 62 വയസ്സിൽനിന്ന് 65 ആയി ഉയർത്തണമെന്ന നിർദേശം കേന്ദ്രം പരിഗണിക്കുമെന്നാണ് കരുതുന്നത് എന്നു പറഞ്ഞ ഗൊഗോയ്, അധികമായി കിട്ടുന്ന മൂന്നു വർഷംകൊണ്ട് പരമാവധി കേസുകൾ തീർപ്പാക്കാൻ കഴിയുമെന്നും ശുഭാപ്തി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.