ന്യൂഡല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് ചൊവ്വാഴ്ച വിരമിക്കും. ഗുരുനാനാക് ജയന്തി കാരണം ചൊവ്വാഴ്ച സുപ്രീംകോടതി അവധി ആയതിനാല്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിതിന്റെ അവസാന പ്രവൃത്തിദിനമായ തിങ്കളാഴ്ച യാത്രയയപ്പ് ചടങ്ങ് നടക്കും. ഒന്നാം നമ്പര്‍ കോടതിയില്‍ നടക്കുന്ന യാത്രയയപ്പ് ചടങ്ങുകളുടെ തത്സമയ സംപ്രേഷണമുണ്ടാകും.
സാമ്പത്തിക സംവരണകേസില്‍ വിധി പുറപ്പെടുവിച്ചതിനുശേഷമായിരിക്കും യാത്രയയപ്പ് ചടങ്ങ്. രാജ്യത്തിന്റെ 49ാമത് ചീഫ് ജസ്റ്റിസായി ആഗസ്റ്റ് 27നാണ് യു.യു. ലളിത് ചുമതലയേറ്റത്. 74 ദിവസം മാത്രമാണ് അദ്ദേഹം പദവിയിലിരുന്നത്.
യു.എ.പി.എ കേസിൽ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം, പി.എഫ് പെന്ഷന് കേസിലെ വിധി തുടങ്ങിയവയാണ് ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ ലളിത് പുറപ്പെടുവിച്ച സുപ്രധാന വിധികള്‍. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതിന് സുപ്രീംകോടതി പ്രവര്‍ത്തനരീതിയില്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് കാര്യമായ മാറ്റം വരുത്തിയിരുന്നു. ഓരോ ബെഞ്ചും പ്രതിദിനം എഴുപതോളം കേസുകളാണ് പരിഗണിച്ചത്. പുതിയ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.