ബംഗളൂരു: കർണാടക സർക്കാറിനോടുള്ള കേന്ദ്ര സർക്കാറിന്റെ അനീതിക്കെതിരെ തുറന്നടിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. സംസ്ഥാനത്തിന് അവകാശപ്പെട്ട നികുതിപ്പണം തരാതെ കേന്ദ്രം പിടിച്ചുവെച്ചിരിക്കുകയാണെന്ന് സിദ്ധരാമയ്യ തിങ്കളാഴ്ച വിധാൻ സൗധയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
നികുതിയിനത്തിൽ 100 രൂപ കേന്ദ്ര സർക്കാറിന് പിരിച്ചുനൽകുമ്പോൾ വെറും 13 രൂപയാണ് തിരിച്ച് സംസ്ഥാന സർക്കാറിന് കേന്ദ്രം നൽകുന്നത്. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ബുധനാഴ്ച ഡൽഹി ജന്തർ മന്തറിൽ കോൺഗ്രസ് ജനപ്രതിനിധികൾ പ്രതിഷേധസമരം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
രാവിലെ 11ന് പ്രതിഷേധം ആരംഭിക്കും. ഈ പ്രതിഷേധം ബി.ജെ.പിക്കെതിരായ സമരമല്ലെന്നും കർണാടക സംസ്ഥാനത്തിനുവേണ്ടിയുള്ള സമരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫണ്ട് അനുവദിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ കേന്ദ്രസർക്കാറിന്റെ ശ്രദ്ധ കൊണ്ടുവരുകയാണ് സമര ലക്ഷ്യം. എല്ലാ മന്ത്രിമാരും കോൺഗ്രസ് എം.എൽ.എമാരും എം.എൽ.സിമാരും സമരത്തിൽ പങ്കെടുക്കും.
ധനകാര്യ കമീഷൻ നിർദേശിച്ച പ്രത്യേക ഗ്രാൻഡ് ധനമന്ത്രി നിർമല സീതാരാമൻ അനുവദിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 15ാം ധനകാര്യ കമീഷന്റെ ഇടക്കാല റിപ്പോർട്ടിൽ കർണാടകക്ക് 5495 കോടി അനുവദിച്ചിരുന്നു. എന്നാൽ അന്തിമ റിപ്പോർട്ടിൽ ധനമന്ത്രി അത് ഒഴിവാക്കി.
ഈ വിഷയം ഞാൻ നിയമസഭയിൽ ഉയർത്തിയിരുന്നു. സംസ്ഥാനത്തിന്റെ വിഹിതം ധനകാര്യ കമീഷൻ 1.7 ശതമാനം കുറക്കുകയും ചെയ്തു. 14ാം ധനകാര്യ കമീഷനിൽ 4.71 ശതമാനം ഫണ്ടാണ് കർണാടക്ക് ലഭിച്ചത്. 15ാം ധനകാര്യ കമീഷനിൽ അത് 3.64 ശതമാനമാക്കി കുറച്ചു.
62,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായതെന്നും സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് ഭൂരിഭാഗം താലൂക്കുകളും വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടില്ല. വിധാൻ സൗധയിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.