ഹരിയാനയിൽ ഭൂരിപക്ഷം തെളിയിച്ച് നായബ് സിങ് സൈനി

ചണ്ഡിഗഢ്: ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നായബ് സിങ് സൈനി നിയമസഭയിൽ വിശ്വാസ വോട്ട് നേടി. ബുധനാഴ്ച ചേർന്ന പ്രത്യേക അസംബ്ലി സെഷനിൽ ശബ്ദ വോട്ടോടെയാണ് വിശ്വാസപ്രമേയം പാസായത്. പത്ത് ജെ.ജെ.പി എം.എൽ.എമാരിൽ അഞ്ചു പേർ പാർട്ടി വിപ്പ് ലംഘിച്ച് വോട്ടെടുപ്പിന് മുമ്പ് സഭയിൽനിന്ന് ഇറങ്ങിപ്പോയി. ആറ് സ്വതന്ത്ര അംഗങ്ങളും ഹരിയാന ലോക്ഹിത് പാര്‍ട്ടിയുടെ (എച്ച്.എല്‍.പി) ഒരു എം.എല്‍.എയും ബി.ജെ.പിയെ പിന്തുണച്ചു. 90 അംഗ സഭയിൽ 48 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് നായബ് സിങ് സൈനി കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. 46 വോട്ടാണ് ഭൂരിപക്ഷം തെളിയിക്കാൻ വേണ്ടിയിരുന്നത്. 

സംസ്ഥാനത്ത് ബി.ജെ.പി–ജെ.ജെ.പി സഖ്യം തകർന്നതോടെ മുഖ്യമന്ത്രിയായിരുന്ന മനോഹർ ലാൽ ഘട്ടർ ചൊവ്വാഴ്ച രാജിവെച്ചിരുന്നു. മണിക്കൂറുകൾക്കകമാണ് കുരുക്ഷേത്രയില്‍ നിന്നുള്ള എം.പിയും ഒ.ബി.സി നേതാവുമായ നായബ് സിങ് പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സെയ്നിക്ക് പുറമെ ബി.ജെ.പി നേതാക്കളായ കൻവർ പാൽ, മൂൽ ചന്ദ് ശർമ, ജയ് പ്രകാശ് ദലാൽ, ബൻവാരി ലാൽ, സ്വതന്ത്ര എം.എൽ.എ രഞ്ജിത് സിങ് ചൗട്ടാല എന്നിവരും പുതിയ മന്ത്രിസഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

90 അംഗ ഹരിയാന നിയമസഭയിൽ 41 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കേവലഭൂരിപക്ഷത്തിന് 46 എം.എൽ.എമാരുടെ പിന്തുണ വേണ്ടതിനാൽ പത്ത് എം.എൽ.എമാരുള്ള ജെ.ജെ.പിയുടെ പിന്തുണയിലാണ് ബി.ജെ.പി ഭരിച്ചിരുന്നത്. ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗട്ടാലയെ ഉപമുഖ്യമന്ത്രിയും രണ്ടുപേരെ മന്ത്രിയുമാക്കുകയും ചെയ്തിരുന്നു. കോൺഗ്രസിന് 30 അംഗങ്ങളാണുള്ളത്.

ലോക്സഭ സീറ്റിനെ ചൊല്ലി ഇരുപാർട്ടികളും തമ്മിൽ തർക്കം രൂക്ഷമായതോടെയായിരുന്നു ഖട്ടറിൻറെ രാജി. രണ്ട് സീറ്റ് വേണമെന്ന ജെ.ജെ.പിയുടെ ആവശ്യം ബി.ജെ.പി തള്ളിയതോടെയാണ് തർക്കം തുടങ്ങിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 10 സീറ്റുകളിലും ബി.ജെ.പിയാണ് ജയിച്ചത്. ഹിസാർ, ഭിവാനി-മഹേന്ദ്രഗഡ് ലോക്‌സഭാ മണ്ഡലങ്ങൾ തങ്ങൾക്ക് വേണമെന്നാണ് ജെ.ജെ.പിയുടെ ആവശ്യം. എന്നാൽ, സിറ്റിങ് സീറ്റുകൾ വിട്ടുതരില്ലെന്ന് ബി.ജെ.പി വ്യക്തമാക്കിയതോടെ ഒറ്റക്ക് മത്സരിക്കുമെന്ന് ജെ.ജെ.പി പ്രഖ്യാപിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഏഴു മണ്ഡലങ്ങളിൽ മത്സരിച്ച അവർ 4.9 ശതമാനം വോട്ട് നേടിയിരുന്നു. രാജിവെച്ച ഖട്ടർ ലോക്സഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.

Tags:    
News Summary - Chief Minister Nayab Singh Saini has proved his majority in Haryana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.