ന്യൂഡൽഹി: സിക്കിമിനോടു ചേർന്ന അതിർത്തിയിലെ ഇടപെടലിനെച്ചൊല്ലി ഇന്ത്യയും ചൈനയുമായുള്ള ഉരസൽ മുറുകി. ഇന്ത്യൻ സേനയുടെ നടപടി മുൻകാല കേന്ദ്രസർക്കാറുകൾ സ്വീകരിച്ച നിലപാടിനോടുള്ള ചതിയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് കുറ്റപ്പെടുത്തി. സിക്കിം അതിർത്തിയിൽ സൈനിക സാന്നിധ്യം ഇന്ത്യ വർധിപ്പിക്കുന്നതിനിടെയാണ് ചൈനയുടെ കുറ്റപ്പെടുത്തൽ.
1962ലെ യുദ്ധത്തിൽ തോറ്റ ഇന്ത്യയല്ല, 2017ലെ ഇന്ത്യയെന്ന പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ പരാമർശം ചൈനീസ് വിദേശകാര്യ മന്ത്രാലയം തള്ളി. ചൈനയും അന്നത്തെ ചൈനയല്ല. രാജ്യത്തിെൻറ പരമാധികാരം സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഗെങ് ഷുവാങ് പറഞ്ഞു. ഭൂട്ടാനെ ഉപയോഗപ്പെടുത്തി ചൈനയുടെ അതിർത്തി ലംഘിക്കുകയാണ് ഇന്ത്യ ചെയ്യുന്നത്. അതേസമയം, നയതന്ത്ര ബന്ധങ്ങൾ സുഗമമായിത്തന്നെ നിൽക്കുന്നതായി ചോദ്യത്തിനുള്ള മറുപടിയിൽ അദ്ദേഹം പറഞ്ഞു.
സിക്കിം മേഖലയിലെ ഇന്ത്യ-ചൈന അതിർത്തി വ്യക്തമായി വേർതിരിച്ചതാണെന്ന് ഗെങ് ഷുവാങ് പറഞ്ഞു. സിക്കിമിെൻറ കാര്യത്തിലുള്ള 1890ലെ ചൈന-ബ്രിട്ടീഷ് ഉടമ്പടി 1959ൽ അന്നത്തെ ചൈനീസ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു ശരിവെച്ചതാണ്. പ്രസ്തുത ഉടമ്പടി മാനിച്ച് ദോകാ ലായിൽനിന്ന് ഇന്ത്യൻ സേന പിന്മാറണം.
ചൈനയുടെ വളർച്ച തടസ്സപ്പെടുത്തണമെന്ന ഇന്ത്യയുടെ നിർബന്ധബുദ്ധിയാണ് അമേരിക്കൻ യാത്രക്കു മുമ്പ് നരേന്ദ്ര മോദി, ചൈനയുടെ റോഡു നിർമാണം തടസ്സപ്പെടുത്തിയതിലൂെട പ്രകടിപ്പിച്ചതെന്ന് ചൈനീസ് സർക്കാറിനു കീഴിലെ ഗ്ലോബൽ ടൈംസ് പത്രം ആരോപിച്ചു. ട്രംപിനെ പ്രീതിപ്പെടുത്താൻ രണ്ടു കാര്യങ്ങളാണ് മോദി ചെയ്തത്.
ചൈനക്കെതിരെ അതിർത്തിയിൽ നീങ്ങിയതിനൊപ്പം, അമേരിക്കക്ക് സാമ്പത്തികനേട്ടം ഉണ്ടാക്കുന്ന വൻ ആയുധ ഇടപാടിൽ തീരുമാനമെടുക്കുകയും ചെയ്തു. ചൈനീസ് ഉൽപന്നങ്ങൾക്കെതിരെ ഇറക്കുമതി നിയന്ത്രണ ചട്ടങ്ങൾ പ്രകാരം അന്വേഷണം തുടങ്ങി. ഇന്ത്യ-ൈചന ബന്ധങ്ങൾ ദുർബലപ്പെടുത്തിയാണ് മോദി ഭരണകൂടം അമേരിക്കൻ പിന്തുണക്കു പിന്നാലെ പോകുന്നത്. അതിനിെട, ചൈനയുമായുള്ള വിഷയം ഗൗരവത്തോടെയല്ല സർക്കാർ സമീപിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തിന് ഒരു പാർട്ട്ടൈം പ്രതിരോധമന്ത്രി പോരെന്നും പാർട്ടി വക്താവ് അഭിഷേക് സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.