അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് ചൈന

രുണാചൽ പ്രദേശിലെ 30 സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തിറക്കി ചൈന. ഇന്ത്യൻ സംസ്ഥാനത്തിന് മേലുള്ള അവകാശവാദം ചൈന ശക്തമാക്കുന്ന പശ്ചാത്തലത്തിലാണ് സ്ഥലങ്ങൾക്ക് പുതിയ പേരിട്ടുകൊണ്ടുള്ള നാലാമത്തെ പട്ടിക പുറത്തിറക്കിയത്.

'സാങ്നാൻ' എന്നാണ് അരുണാചൽപ്രദേശിനെ ചൈന വിശേഷിപ്പിക്കുന്നത്. ചൈനീസ് ആഭ്യന്തര വകുപ്പിന്‍റെ വെബ്സൈറ്റിലാണ് സ്ഥലങ്ങളുടെ പുതിയ പേരുകൾ പ്രസിദ്ധീകരിച്ചത്. അരുണാചൽ പ്രദേശ് തങ്ങളുടെ അധീനതയിലുള്ള ദക്ഷിണ ടിബറ്റിന്‍റെ ഭാഗമാണെന്നാണ് ചൈനീസ് വാദം. മേയ് ഒന്ന് മുതൽ പുതിയ സ്ഥലപ്പേരുകൾ നിലവിൽ വരുമെന്നും ഇവർ അവകാശപ്പെടുന്നു.

അരുണാചൽ പ്രദേശിലെ ആറ് സ്ഥലങ്ങൾക്ക് ചൈനീസ് പേരുകൾ നൽകിക്കൊണ്ട് 2017ലാണ് ആദ്യ പട്ടിക പുറത്തിറക്കിയത്. 15 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകി 2021ലും 11 സ്ഥലങ്ങൾക്ക് പേര് നൽകി 2023ലും പട്ടിക പുറത്തിറക്കിയിരുന്നു. അതേസമയം, ഇന്ത്യയിലെ സ്ഥലങ്ങൾക്ക് ചൈന പുതിയ പേരുകൾ നൽകുന്നതിനെതിരെ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു. അരുണാചൽ പ്രദേശ് അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പുതിയ പേരുകൾ നൽകുന്നതിലൂടെ യാഥാർഥ്യത്തെ ഇല്ലാതാക്കാനാകില്ലെന്നും മന്ത്രാലയം പ്രതികരിച്ചിരുന്നു.

മാർച്ച് ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി അരുണാചൽ പ്രദേശ് സന്ദർശിച്ചിരുന്നു. ഇന്ത്യ-ചൈന നയതന്ത്ര ബന്ധം വഷളായി തുടരുന്ന പശ്ചാത്തലത്തിലായിരുന്നു സന്ദർശനം. അരുണാചൽ പ്രദേശിലെ തവാങ് ജില്ലയിലെ സേല തുരങ്കം മോദി ഉദ്ഘാടനം ചെയ്യുകയും ചെയ്‍തിരുന്നു. ഇതിൽ വലിയ അതൃപ്തിയാണ് ചൈനക്കുണ്ടായിരുന്നത്. ഇതിന്‍റെ തുടർച്ചയായാണ് അരുണാചലിലെ സ്ഥലങ്ങൾക്ക് പുതിയ പേരുകൾ നൽകി ചൈന പട്ടിക പുറത്തിറക്കിയതെന്നാണ് വിലയിരുത്തൽ. 

Tags:    
News Summary - China releases fourth list of names for Arunachal Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.