ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച സംഭവത്തിൽ നടൻ അല്ലു അർജുനെ വിമർശിച്ച് എ.ഐ.എം.ഐ.എം എം.എൽ.എ അക്ബറുദ്ദീൻ ഉവൈസി. തെലങ്കാന നിയമസഭയിലാണ് അദ്ദേഹം നടനെ വിമർശിച്ചത്. തനിക്ക് കിട്ടിയ വിവരമനുസരിച്ച് യുവതിയുടെ മരണത്തെപ്പറ്റി അറിഞ്ഞപ്പോൾ ഇനി സിനിമ ഹിറ്റാകും എന്നാണ് അല്ലു അർജുൻ പറഞ്ഞതെന്ന് അക്ബറുദ്ദീൻ ഉവൈസി ആരോപിച്ചു.
നടന്‍റെ പേര് പറയാതെയായിരുന്നു പരാമർശം. തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിട്ടും അല്ലു അർജുൻ സിനിമ കണ്ടെന്നും തിരിച്ചുപോകുമ്പോള്‍ ആരാധകര്‍ക്ക് നേരെ കൈവീശിയെന്നും ഉവൈസി ആരോപിച്ചു. അപകടത്തിൽപ്പട്ടവരെ കുറിച്ച് അന്വേഷിക്കാൻ പോലും നടൻ തയാറായില്ല. ആയിരക്കണക്കിന് ആളുകൾ വരുന്ന പൊതുയോഗങ്ങൾക്ക് താനും പോകാറുണ്ട്, എന്നാൽ തിക്കിലും തിരക്കിലുംപെട്ട് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പൊലീസ് അനുമതി നിഷേധിച്ചിട്ടും അല്ലു അർജുൻ പുഷ്പ 2വിന്‍റെ പ്രദർശനത്തിൽ പങ്കെടുത്തു എന്നാണ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അവകാശപ്പെട്ടത്. "തീയറ്ററിൽ പ്രവേശിക്കുന്നതിന് മുമ്പും പുറത്തുകടക്കുമ്പോഴും നടൻ കാറിന്‍റെ സൺറൂഫിലൂടെ ജനക്കൂട്ടത്തിന് നേരെ കൈവീശി. ആയിരക്കണക്കിന് ആരാധകരാണ് അദ്ദേഹത്തെ കാണാൻ തടിച്ചുകൂടിയതെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ചിരുന്നു. പ്രീമിയർ ഷോക്കെത്തിയ അല്ലു അർജുനെ കാണാൻ ജനം ഇരച്ചെത്തിയതാണ് അപകടത്തിനിടയാക്കിയത്. യുവതിയുടെ ഭര്‍ത്താവിനും മകനും പരിക്കേറ്റിരുന്നു. ഡിസംബർ 18ന് കുട്ടിയുടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
സംഭവത്തെത്തുടർന്ന് അല്ലു അർജുനും അദ്ദേഹത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്‌മെന്‍റിനുമെതിരെ മനപൂർവമല്ലാത്ത നരഹത്യ, കൊലപാതകം, മനപൂർവം മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിരുന്നു. കേസിൽ ഡിസംബർ 13ന് അല്ലു അർജുൻ അറസ്റ്റിലായിരുന്നെങ്കിലും തെലങ്കാന ഹൈകോടതി ഇടക്കാല ജാമ്യം നൽകിയതിനെ തുടർന്ന് പുറത്തിറങ്ങി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.