മംഗളൂരു: അപകടത്തിൽ പരിക്കേറ്റ് അരക്കുതാഴെ തളർന്ന് ശയ്യയിലായിട്ടും കഠിന വേദന സഹിച്ച് അധ്യാപനം തുടർന്ന കോളജ് അധ്യാപിക പതിനാലാം വർഷം വിടവാങ്ങി.
ബെൽത്തങ്ങാടി കാലിയ വില്ലേജിലെ ഉബറദ്ക സ്വദേശികളായ പരേതനായ കുർമ്പിളയുടെയും ലക്ഷ്മിയുടെയും മകൾ ഭാരതിയാണ് (41) സ്വവസതിയിൽ നിര്യാതയായത്. 2010 ജൂലൈ 30ന് സന്തേക്കാട്ടെ അയ്യപ്പ മന്ദിരത്തിന് സമീപമുണ്ടായ അപകടത്തെ തുടർന്നാണ് കിടപ്പിലായത്. മേലന്തബെട്ട് പി.യു കോളജിൽ ഗെസ്റ്റ് ലെക്ചററായി ജോലി ചെയ്യുന്ന കാലത്തായിരുന്നു സംഭവം.
ഭാരതിയും സഹപ്രവർത്തക ജയമാലയും കോളജിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അയ്യപ്പ മന്ദിറിന് സമീപം ഇവരുടെ ഓട്ടോറിക്ഷയിൽ പിക് അപ് ട്രക്ക് ഇടിക്കുകയായിരുന്നു. ജയമാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ഭാരതിക്ക് ഗുരുതരമായി പരിക്കേറ്റ് കിടക്കയിൽ ഒതുങ്ങി.
അപകടത്തിനുശേഷം പുറത്തുവന്ന ജയമാലയുടെ കെ.എ.എസ് പരീക്ഷാഫലം അവർ വിജയിച്ചതായി വെളിപ്പെടുത്തിയത് ഗ്രാമത്തിന് ഇന്നും ദുരന്തസ്മൃതി. കിടപ്പിലായ അവസ്ഥയിൽ അതിയായ വേദനയും വെല്ലുവിളികളും ഭാരതി സഹിച്ചു. എന്നിട്ടും ഫോണിലൂടെ അക്കൗണ്ടൻസിയും ബിസിനസ് സ്റ്റഡീസും പഠിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യനില വഷളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.