ന്യൂഡൽഹി: പാർലമെന്റ് കവാടത്തിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും പരാതികൾ അന്വേഷിക്കാൻ ഡൽഹി ക്രൈംബ്രാഞ്ച് ഏഴംഗ അന്വേഷണ സംഘം രൂപവത്കരിച്ചു. സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിക്കാൻ അനുമതി തേടി പാർലമെന്റ് അധികൃതർക്ക് കത്ത് നൽകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
പരസ്പരം കൈയേറ്റം ആരോപിച്ച് ബി.ജെ.പിയും കോൺഗ്രസും വ്യാഴാഴ്ച പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ വെവ്വേറെ പരാതി നൽകിയിരുന്നു. സംഘർഷത്തിൽ രണ്ട് എം.പിമാർക്ക് പരിക്കേറ്റത് കാണിച്ച് ബി.ജെ.പിയുടെ പരാതിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ മുറിവേൽപിക്കൽ, ഭീഷണിപ്പെടുത്തൽ, ബലപ്രയോഗം തുടങ്ങിയ വകുപ്പുകൾ ചുമത്തി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.
എ.സി.പി രമേഷ് ലാംബയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ ഇന്റർസ്റ്റേറ്റ് സെല്ലിനാണ് (ഐ.എസ്.സി) അന്വേഷണ ചുമതലയെന്ന് ഡി.സി.പി (ക്രൈം) സഞ്ജയ് കുമാർ സെയ്ൻ പറഞ്ഞു. സംഘർഷത്തെത്തുടർന്ന് ബി.ജെ.പി എം.പിമാർക്കെതിരായ കോൺഗ്രസ് പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ബി.ജെ.പി എം.പിമാർ നിലത്തേക്ക് തള്ളിയിട്ട് പരിക്കേൽപിച്ചതായി പാർട്ടിയുടെ പരാതിയിൽ പറയുന്നു. കോൺഗ്രസിന്റെ പരാതിയിലും അന്വേഷണം നടക്കുമെന്ന് ഡി.സി.പി സെയിൻ പറഞ്ഞു. അതേസമയം, ബി.ജെ.പിയുടെ പരാതിയിൽ തിടുക്കപ്പെട്ട് അന്വേഷണമാരംഭിച്ച പൊലീസ് തങ്ങളുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻപോലും മടിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു.
സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടണം. രാഹുൽ ഗാന്ധിക്കെതിരായ ബി.ജെ.പി വനിത എം.പിയുടെ പരാതി ഏറ്റെടുത്ത ക്രൈംബ്രാഞ്ച് എത്രയുംപെട്ടെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.