പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത അനുയായിയാണ് താനെന്ന് ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി) നേതാവ് ചിരാഗ് പാസ്വാൻ. എൽ.ജെ.പിക്കെതിരെ സംസാരിക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾക്കുമേൽ സമ്മർദ്ദം ചെലുത്തുകയാണെന്നും പ്രധാനമന്ത്രിയോട് വിശ്വസ്തത തുടരുമെന്നും അദ്ദേഹം പറഞ്ഞു.
പ്രചാരണത്തിനായി എനിക്ക് നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ ഉപയോഗിക്കണമെന്നില്ല. അദ്ദേഹം എെൻറ ഹൃദയത്തിലാണ് ജീവിക്കുന്നത്. ഞാൻ അദ്ദേഹത്തിെൻറ ഹനുമാനാണ്. ആവശ്യമെങ്കിൽ ഞാൻ നെഞ്ച് കീറി കാണിക്കും. " -ചിരാഗ് പാസ്വാൻ പറഞ്ഞു.
ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുന്ന നവംബർ 10 കഴിഞ്ഞാൽ ബി.ജെ.പിക്കൊപ്പം ചേർന്ന് താൻ സർക്കാർ ഉണ്ടാക്കുമെന്ന് ചിരാഗ് പാസ്വാൻ കൂട്ടിച്ചേർത്തു.
കേന്ദ്രത്തിൽ എൻ.ഡി.എ ഘടകകക്ഷിയായ എൽ.ജെ.പി, വരാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ജെ.ഡി.യുവുമായുള്ള സഖ്യത്തിലാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എൽ.ജെ.പി ഒരു വോട്ട് വിഭജനം പാർട്ടിയല്ലാതെ മറ്റൊന്നുമല്ലെന്ന ബിഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുശീൽ കുമാർ മോദിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ചിരാഗ് പാസ്വാൻ. ബി.ജെ.പി നൽകാൻ തയാറായതിനേക്കാൾ കൂടുതൽ സീറ്റുകൾ വേണമെന്നതിനാലാണ് എൽ.ജെ.പി ബിഹാറിൽ എൻ.ഡി.എയിൽ നിന്ന് പുറത്തുപോയതെന്നും സുശീൽ കുമാർ മോദി പറഞ്ഞിരുന്നു.
എല്ലാം നവംബർ 10ന് ശേഷം വ്യക്തമാവുമെന്നും ശരിക്കും ഇരട്ട എഞ്ചിനുള്ള സർക്കാർ ബി.ജെ.പി-എൽ.ജ.പി സഖ്യത്തിൽ അധികാരത്തിൽ വരുമെന്നും ചിരാഗ് പാസ്വാൻ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.