കൊൽക്കത്ത: ക്ഷാമബത്ത അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പിന്തുണയോടെ നടക്കുന്ന പ്രതിഷേധങ്ങൾക്കെതിരെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. തൊഴിലാളികൾക്ക് കൂടുതലായി ഒന്നും നൽകാനുള്ള ഫണ്ട് സർക്കാറിനില്ലെന്ന് മമത പറഞ്ഞു. അവർ കൂടുതൽ ആവശ്യപ്പെട്ടുകൊണ്ടിരിക്കും. എനിക്ക് എത്ര കൂടുതൽ നൽകാനാകും? -മമത നിയമസഭയിൽ പറഞ്ഞു.
കൂടുതൽ ക്ഷാമ ബത്ത നൽകാൻ ഈ സർക്കാറിന് സാധിക്കില്ല. അതിനാവശ്യമായ ഫണ്ട് ഇല്ല. കൂടുതലായി മൂന്നു ശതമാനം ഡി.എ കൂടി നൽകിയിട്ടുണ്ട്. അതിൽ നിങ്ങൾ സന്തുഷ്ടരല്ലെങ്കിൽ എന്റെ തലയരിഞ്ഞോളു. എത്ര കൂടുതലാണ് നിങ്ങൾക്ക് വേണ്ടത്? - മമത ചോദിച്ചു.
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കേന്ദ്ര സർക്കാർ ജീവനക്കാരുടെതിന് തുല്യമായ ക്ഷാമബത്ത വേണമെന്ന ആവശ്യത്തെ ബി.ജെ.പിയും കോൺഗ്രസും പിന്തുണക്കുകയാണെന്ന് മമത കുറ്റപ്പെടുത്തി. കേന്ദ്രസർക്കാറിന്റെയും സംസ്ഥാന സർക്കാറിന്റെയും പേ സ്കെയിൽ വ്യത്യസ്തമാണ്. ഇന്ന് ബി.ജെ.പിയും കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് വന്നിരിക്കുകയാണ്. മറ്റേത് സർക്കാറാണ് ശമ്പളത്തോടൊപ്പം കൂടുതൽ അവധി അനുവദിക്കുന്നത്? 1.79 ലക്ഷം കോടി ഡി.എ ആണ് സർക്കാർ ജീവനക്കാർക്ക് നൽകുന്നത്.
ശമ്പളത്തോടൊപ്പം 40 ദിവസത്തെ അവധിയും നൽകുന്നുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ കേന്ദ്ര സർക്കാറുമായി താരതമ്യം ചെയ്യുന്നത്. ഞങ്ങൾ സൗജന്യ അരി നൽകുന്നു. എന്നാൽ പാചക വാതകത്തിന്റെ വില നോക്കൂ. അവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു ദിവസത്തിനു ശേഷം വില വർധിപ്പിച്ചു. ഈ ജനങ്ങളെ സംതൃപ്തരാക്കാൻ ഇനി എന്താണ് ചെയ്യേണ്ടത്? -മമത ചോദിച്ചു.
2023-24 ബജറ്റിൽ ധനകാര്യ മന്ത്രി ചന്ദ്രിമ ഭട്ടാചാര്യ അധ്യാപകരും പെൻഷൻകാരും ഉൾപ്പെടുന്ന ജീവനക്കാർക്ക് മാർച്ച് മുതൽ മൂന്ന് ശതമാനം അധിക ഡി.എ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കേന്ദ്ര സർക്കാർ ജീവനക്കാരുടെതിന് തുല്യമായ ക്ഷാമ ബത്ത അനുവദിക്കണമെന്നാണ് കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.