ശൈഖ് റാശിദ് അഹമ്മദ് റാവൽപിണ്ടിയി​ലെ പരിപാടിയിൽ സംസാരിക്കുന്നു

'ചൗകിദാർ' പാകിസ്താനിലും; പാക് സൈന്യത്തിനെതിരെ ഇന്ത്യൻ മുദ്രാവാക്യം കടമെടുത്ത് ഇമ്രാന്റെ അനുയായികൾ

ഇന്ത്യയിലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉയർത്തിവിട്ട 'ചൗകിദാർ' മുദ്രാവാക്യം പാക്​ സൈന്യത്തിനെതിരെ മുഴക്കി ഇമ്രാൻ ഖാന്റെ ആരാധകർ. പാക് പാർലമെന്റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതെ ഇമ്രാൻ പുറത്തു പോയതിനെ തുടർന്ന് രാജ്യമാകെ അനുയായികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നുണ്ട്. റാവൽപിണ്ടിയിൽ നടന്ന പ്രകടനത്തിലാണ് പാക്സൈന്യത്തിനെതിരെ അനുയായികൾ മുദ്രാവാകാക്യം മുഴക്കിയത്.

പാക് മുൻ മന്ത്രി ശൈഖ് റാശിദ് അഹമ്മദ് റാവൽപിണ്ടിയിലെ റാലിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു അനുയായികളുടെ മുദ്രാവാക്യം വിളി. ​പ്രസംഗത്തിനിടെ അനുയായികൾ ഒരുമിച്ച് 'ചൗക്കി ദാർ ചോർ ഹേ' എന്ന് വിളിച്ചു പറഞ്ഞു. സൈന്യത്തെ ഉന്നംവെച്ചായിരുന്നു അനുയായികളുടെ മുദ്രാവാക്യം വിളി. പ്രസംഗം നിർത്തി മുദ്രാവാക്യം ശ്രദ്ധിച്ച ശൈഖ് റാശിദ് ഉടനെ തിരുത്തി. അത്തരം മുദ്രാവാക്യങ്ങൾ വേണ്ടെന്നും സമാധാനപരമായി പോരാടുമെന്നും ശൈഖ് റാശിദ് തുടർന്ന് പറഞ്ഞു.

സൈന്യത്തിന്റെ പിന്തുണയോടെ രാഷ്ട്രീയത്തിൽ കാലുറപ്പിച്ച ഇമ്രാൻ ഖാൻ, പ്രതിപക്ഷത്തിന്റെ സംയുക്ത നീക്കത്തിനെതിരെ സൈന്യത്തിന്റെ പിന്തുണ​ തേടിയിരുന്നു. എന്നാൽ, സൈന്യം നിഷ് പക്ഷമായി നിൽക്കുമെന്നായിരുന്നു സൈനിക നേതൃത്വത്തിന്റെ മറുപടി. ഈ നിലപാടിനെതിരെ ഇമ്രാൻ പരസ്യമായി തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു.

'ചൗക്കി ദാർ ചോർ ഹെ' എന്ന മുദ്രാവാക്യം പ്രധാനമന്ത്രി നരേന്ദ്ര ​മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രചരണത്തിന് ഉപയോഗിച്ചതായിരുന്നു. 'കാവൽക്കാരൻ കളളനാണ്' എന്ന ആ മുദ്രാവാക്യത്തിന് ഇന്ത്യയിലെ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഏറെ സ്വീകാര്യത കിട്ടിയിരുന്നു. 


Tags:    
News Summary - ‘Chowkidar' slogan raised against Pakistan Army after Imran Khan's ouster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.