ന്യൂഡൽഹി: സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനാണ് രാജ്യം ഊന്നൽ നൽകുന്നതെന്ന് 77ാം സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു. വനിതകൾ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ വഹിച്ച പങ്ക് എടുത്തുപറഞ്ഞ അവർ സ്ത്രീകൾ സാമ്പത്തികമായി ശക്തരായാൽ കുടുംബത്തിലും സമൂഹത്തിലും അവരുടെ പദവി ഉയരുമെന്നും പറഞ്ഞു.
‘അറിയപ്പെട്ടവരോ അല്ലാത്തവരോ ആയ എല്ലാ സ്വാതന്ത്ര്യസമര സേനാനികളുടെയും ഓർമകൾക്കു മുന്നിൽ പ്രണാമമർപ്പിക്കുന്നു. അവരുടെ ജീവാർപ്പണമാണ് രാജ്യത്തിന് അർഹമായ ഇടം തിരിച്ചുനൽകിയത്. സരോജിനി നായിഡു, അമ്മു സ്വാമിനാഥൻ, രമാദേവി, അരുണ ആസഫലി, സുചേത കൃപലാനി തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികൾ ഭാവി തലമുറകൾക്ക് പ്രചോദനമാകും. രാജ്യസേവനത്തിന്റെയും വികസനത്തിന്റെയും എല്ലാ തലങ്ങളിലും വനിതകൾ സംഭാവനകളർപ്പിക്കുന്നു.
വനിത ശാക്തീകരണത്തിൽ കൂടുതൽ പ്രാമുഖ്യം നൽകാൻ എല്ലാ പൗരന്മാരും രംഗത്തിറങ്ങണം. വെല്ലുവിളികൾ മറികടന്ന് ജീവിതത്തിൽ മുന്നോട്ടുപോകാൻ വനിതകൾ തയാറാകണം. നമ്മുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിലെ മൂല്യങ്ങളിൽ പ്രധാനമായിരുന്നു വനിതാവികസനം’ -രാഷ്ട്രപതി പറഞ്ഞു. ‘എല്ലാ ഇന്ത്യക്കാരും തുല്യരാണ്. അവർക്കുള്ള അവസരങ്ങൾ, അവകാശങ്ങൾ, ഉത്തരവാദിത്തങ്ങൾ എന്നിവയും തുല്യമാണ്. ഇന്ത്യക്കാരനെന്ന സ്വത്വം ജാതി, മത, ഭാഷാ അസ്തിത്വങ്ങളെക്കാൾ മുകളിലാണ്’- രാഷ്ട്രപതി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.