ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന് അനുബന്ധ ചട്ടങ്ങൾ രൂപപ്പെടുത്താൻ കൂടുതൽ സാവകാശം വേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മോദി സർക്കാർ പാസാക്കിയ പൗരത്വ നിയമം സുപ്രീംകോടതിയിൽ ചോദ്യം ചെയ്യപ്പെട്ട് ദീർഘകാലത്തിനുശേഷമാണ് അമിത് ഷായുടെ പ്രതികരണം.
ഏക സിവിൽ കോഡിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലക്ക് മുന്നോട്ടു പോകാൻ കഴിയും. ബി.ജെ.പി പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തു പോരുന്ന ഏക സിവിൽ കോഡിനായി കേന്ദ്ര നിയമം കൊണ്ടുവരുന്നതിനു പകരം വിവിധ സംസ്ഥാനങ്ങളിൽ പഠനസമിതിയെ നിയോഗിക്കുന്ന സാഹചര്യത്തെക്കുറിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അമിത് ഷാ. കേന്ദ്ര-സംസ്ഥാന സർക്കാറുകൾ യോജിച്ചു നിന്നുകൊണ്ട് മുന്നോട്ടു നീങ്ങേണ്ട വിഷയമാണ് ഏക സിവിൽ കോഡെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗുജറാത്തിൽ ബി.ജെ.പി പ്രഖ്യാപിച്ച മൗലികവാദ വിരുദ്ധ സെൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും പരിഗണിക്കാവുന്ന സംരംഭമാണ്. മൗലികവാദം ഗുജറാത്തിൽ മാത്രമല്ല, രാജ്യത്ത് എല്ലായിടത്തും നിരീക്ഷിക്കേണ്ടതുണ്ട്. യുവാക്കളെ ഭീകരതയിലേക്ക് തള്ളിവിടുന്ന പോപുലർ ഫ്രണ്ട് പോലുള്ള ഒരു സംഘടനയെയും വെച്ചുപൊറുപ്പിക്കില്ല. നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് ശരിയായ വിലയിരുത്തൽ നടത്തി തെളിവുകൾ സമാഹരിച്ചാണ് പോപുലർ ഫ്രണ്ടിനെയും മറ്റും നിരോധിച്ചത്.
അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗിക്കുന്നുവെന്ന് ആക്ഷേപമുള്ളവർക്ക് കോടതിയെ സമീപിക്കാം. രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിപീഠമാണുള്ളത്. സാങ്കേതിക, മെഡിക്കൽ, നിയമ വിദ്യാഭ്യാസം മാതൃഭാഷയിലാക്കുന്നത് വിദ്യാർഥികൾക്ക് മെച്ചപ്പെട്ട ധാരണ ഉണ്ടാക്കാൻ സഹായിക്കും. ഹിന്ദിക്കും പ്രാദേശിക ഭാഷകൾക്കും വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹനം കിട്ടണം. പാഠ്യക്രമം അതതു ഭാഷകളിലേക്ക് മൊഴിമാറ്റം നടത്താൻ സംസ്ഥാന സർക്കാറുകൾ മുൻകൈ എടുക്കണം. ഗുജറാത്ത് നിയമസഭയിൽ അക്കൗണ്ട് തുറക്കാൻ ആം ആദ്മി പാർട്ടിക്ക് കഴിയില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനസ്വീകാര്യത, മൊത്തമായ വികസനം, പ്രീണനരഹിത നയം എന്നിവ ബി.ജെ.പിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.