ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നയിച്ച വിദ്യാർഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ച ഡൽഹി കലാപ ഗൂഢാലോചന കേസിന്റെ വിചാരണ കർകർഡൂമ കോടതിയിൽ സെപ്റ്റംബർ11ന് തുടങ്ങും. പൗരത്വ സമരം നയിച്ച ഉമർ ഖാലിദ്, ആസിഫ് ഇഖ്ബാൽ തൻഹ, സഫൂറ സർഗർ, ശർജീൽ ഇമാം, ഖാലിദ് സൈഫി, ഇശ്റത് ജഹാൻ, മീരാൻ ഹൈദർ, താഹിർ ഹുസൈൻ, ഗുൽഫിഷ ഫാത്വിമ, ശിഫാഉർറഹ്മാൻ, നടാഷ നർവൽ എന്നിവരടക്കം 20 പേർക്കെതിരാണ് വാദം തുടങ്ങുക.
സെപ്റ്റംബർ 11 മുതൽ ഒരു ദിവസവും മുടങ്ങാതെ വിചാരണ മുന്നോട്ടുകൊണ്ടുപോകുമെന്ന് അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് വ്യക്തമാക്കി. പൗരത്വ സമരത്തിനിറങ്ങിയ വിദ്യാർഥി നേതാക്കളും ആക്ടിവിസ്റ്റുകളുമടങ്ങുന്ന സംഘം നടത്തിയ ഗൂഢാലോചനയുടെ ഫലമാണ് 53 പേരുടെ മരണത്തിലും 700 പേരുടെ പരിക്കിലും കലാശിച്ച ഡൽഹി കലാപം എന്നാണ് പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നത്. യു.എ.പി.എ, ആയുധ നിയമം, പൊതുസ്വത്തു നശിപ്പിക്കലിനെതിരായ നിയമം എന്നിവ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
രേഖ പരിശോധന പൂർത്തിയാക്കിയെന്നും കേസ് അടുത്തതായി പരിഗണിക്കുന്ന ദിവസം മുതൽ മുഴുവൻ പ്രതികളും നേരിട്ട് ഹാജരുണ്ടാകണമെന്നും ജഡ്ജി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.