ന്യൂഡൽഹി: സർക്കാർ നിലപാട് പൗരത്വ നിയമഭേദഗതി ബില്ലിൽ വിശദീകരിക്കുന്നത് ഇങ്ങനെ:
ഇന്ത്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവ ഉൾപ്പെട്ട ഭൂപ്രദേശത്ത് അതിർത്തി കടന്ന് കുടിയേറ്റം കാലങ്ങളായി നടക്കുന്നുണ്ട്. പല വിശ്വാസങ്ങളുള്ള അവിഭക്ത ഇന്ത്യയിലെ ലക്ഷക്കണക്കായ ആളുകൾ ഇന്ത്യ വിഭജന വേളയിൽ പാകിസ്താനിലും ബംഗ്ലദേശിലും ഉണ്ടായിരുന്നു. അതിെൻറ ഫലമായി ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രൈസ്തവ മതവിഭാഗങ്ങളിൽപെട്ടവർ പീഡനം നേരിടേണ്ടി വന്നു. മതപരമായ രീതികൾ പിന്തുടർന്നു പോകുന്നതിന് തടസ്സങ്ങളുണ്ടായി. അത്തരത്തിൽ ഒരുപാടു പേർ ഇന്ത്യയിൽ അഭയം തേടി. യാത്രാരേഖകൾ ഇല്ലാതിരുന്നിട്ടും അതിെൻറ കാലാവധി തീർന്നിട്ടും അവർ ഇന്ത്യയിൽതന്നെ തുടർന്നു.
ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുന്നതാണ് നിലവിലെ നിയമ വ്യവസ്ഥ. പൗരത്വ നിയമത്തിലെ 5, 6 വകുപ്പുകൾ പ്രകാരം ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കാൻപോലും അവർക്ക് യോഗ്യതയില്ല. ഈ കുടിയേറ്റക്കാരെ പാസ്പോർട്ട്, വിദേശ നിയമങ്ങൾ പ്രകാരമുള്ള നടപടികളിൽനിന്ന് ഒഴിവാക്കി 2015ലും 2016ലുമായി സർക്കാർ വിജ്ഞാപനം കൊണ്ടുവന്നു. തുടർന്നും താമസിക്കാൻ പാകത്തിൽ ദീർഘകാല വിസ അനുവദിച്ചു. ഇപ്പോൾ പൗരത്വത്തിന് ഈ കുടിയേറ്റക്കാരെ അർഹരാക്കുകയാണ് ചെയ്യുന്നത്.
പൗരത്വം കുടിയേറിയ കാലം മുതൽ
2014 ഡിസംബർ 31 വരെ അനധികൃത കുടിയേറ്റക്കാരായി ഇന്ത്യയിൽ പ്രവേശിച്ചവർക്ക് പൗരത്വം നൽകുന്നതിന് പുതിയ ക്രമീകരണം കൊണ്ടുവരുകയാണ്. വ്യവസ്ഥകൾക്ക് വിധേയമായി അവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. എത്തിച്ചേർന്ന കാലം മുതലുള്ള പൗരത്വമാണ് അനുവദിക്കുക. കുടിയേറ്റവുമായി ബന്ധപ്പെട്ട് അവർ നേരിടുന്ന ഏതൊരു കേസും പൗരത്വത്തിന് അപേക്ഷിക്കാൻ തടസ്സമായിരിക്കില്ല. പൗരത്വം അനുവദിക്കുന്നതിൽ ഇത്തരം നിയമനടപടികൾ കണക്കിലെടുക്കില്ല.
അഞ്ചു വർഷം ഇന്ത്യയിൽ കഴിഞ്ഞവർക്ക് പൗരത്വം
മൂന്ന് അയൽ രാജ്യങ്ങളിലെ മേൽപറഞ്ഞ ആറു ന്യൂനപക്ഷ വിഭാഗക്കാർ അടക്കം ഇന്ത്യൻ വേരുള്ളവർക്ക് അതിനുതക്ക തെളിവ് പൗരത്വ അപേക്ഷ വേളയിൽ നൽകാൻ കഴിയാത്ത സ്ഥിതിയുണ്ട്. 12 വർഷം ഇന്ത്യയിൽ താമസിച്ചതിനു രേഖയുള്ളവർക്ക് പൗരത്വം അനുവദിക്കുന്നതാണ് രീതി. ഇന്ത്യയിൽ സ്ഥിരമായി താമസിച്ചിട്ടും ഇന്ത്യൻ പൗരന്മാർക്ക് കിട്ടുന്ന പരിഗണനകളും അവസരങ്ങളും നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ട്. അതിനാൽ പൗരത്വ നിയമത്തിെൻറ ആറാം പട്ടിക ഭേദഗതി ചെയ്യുകയാണ്. അഞ്ചു വർഷം താമസിച്ചെന്ന് തെളിയിച്ചാൽ മതി.
വടക്കു കിഴക്കൻ മേഖലയെ ഒഴിവാക്കി
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തദ്ദേശീയ ജനവിഭാഗങ്ങൾക്ക് ഭരണഘടനയുടെ ആറാം പട്ടിക പ്രകാരമുള്ള പരിരക്ഷ നിലനിൽക്കും. അസം, മേഘാലയ, മിസോറം, ത്രിപുര സംസ്ഥാനങ്ങളിലെ ഗോത്ര മേഖലകളിൽ ഈ നിയമഭേദഗതിയുടെ ഒരു വ്യവസ്ഥയും ബാധകമായിരിക്കില്ല. ഇന്നർലൈൻ പെർമിറ്റ് സമ്പ്രദായം അനുസരിച്ച് പരിരക്ഷയുള്ള അരുണാചൽപ്രദേശ്, സിക്കിം, മണിപ്പൂർ, നാഗാലൻഡ് ഭൂവിഭാഗങ്ങളിലും വ്യവസ്ഥ ബാധകമല്ല.
നിയമം ലംഘിച്ചാൽ ഒ.സി.െഎ കാർഡ് റദ്ദാവും
പൗരത്വ നിയമ വ്യവസ്ഥകൾ ലംഘിക്കുന്ന പക്ഷം ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുടമയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ ഇപ്പോൾ വ്യവസ്ഥയില്ല. പൗരത്വ നിയമമോ മറ്റേതെങ്കിലും നിയമമോ ലംഘിക്കുന്ന പക്ഷം ഒ.സി.ഐ കാർഡ് റദ്ദാക്കുംവിധം 7-ഡി വകുപ്പ് ഭേദഗതി ചെയ്യുകയാണ്. അതിനു മുമ്പ് കാർഡുടമക്ക് പറയാനുള്ളത് കേൾക്കാൻ അവസരം നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.