ന്യൂഡൽഹി: തന്നെ അവഹേളിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസമുണ്ടായ നടപടികളെന്ന് പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ കോടതിയിൽ നിയന്ത്രണം വിട്ട് പൊട്ടിത്തെറിച്ചു. കൂടെ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് അമിതാവ് റോയിയും അഭിഭാഷകരോട് കയർത്തു. തനിക്ക് സംസാരിക്കാൻ അവസരം നൽകില്ലെന്ന് മനസ്സിലാക്കിയതോടെ മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണും അത്യുച്ചത്തിൽ പൊട്ടിത്തെറിച്ച് ഇറങ്ങിപ്പോയി.
മെഡിക്കൽ കോളജുകൾക്കായി കൈക്കൂലി വാങ്ങി സുപ്രീംകോടതി വിധി തരപ്പെടുത്തിയെന്ന കേസിൽ സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസ് വഴിമുട്ടിയതിനെതിരെ കാമിനി ജയ്സ്വാൾ സമർപ്പിച്ച ഹരജി ഭരണഘടനബെഞ്ചിന് വിട്ട് ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ച് വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പ്രകോപിപ്പിച്ചത്.
ഇതേ വിഷയത്തിൽ പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജി ജസ്റ്റിസ് എ.കെ. സിക്രിയുടെ ബെഞ്ചിന് വിട്ടതിെൻറ പിറ്റേന്നായിരുന്നു ഇൗ ഉത്തരവ്.
ജസ്റ്റിസ് ചെലമേശ്വർ ഇൗ കേസ് എടുക്കുന്നത് അറിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അത് തടയാനായി സുപ്രീംകോടതി രജിസ്ട്രിയെ കൊണ്ട് ഒരു കുറിപ്പ് ജസ്റ്റിസ് ചെലമേശ്വറിന് കൊടുത്തുവിട്ടിരുന്നു. ആ നിർദേശം തള്ളി ജസ്റ്റിസ് ചെലമേശ്വർ വാദം കേൾക്കലുമായി മുന്നോട്ടുപോയി വിഷയം അഞ്ചംഗ ഭരണഘടനബെഞ്ചിന് വിടുകയുമായിരുന്നു.
ഇതിനെ മറികടക്കാനായി ജസ്റ്റിസ് എ.കെ. സിക്രിയുടെ ബെഞ്ചിലുള്ള കേസ് വെള്ളിയാഴ്ച രാവിലെ ഭരണഘടനബെഞ്ചിന് വിടുകയും നാടകീയമായി ഉച്ചക്ക് മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് അധ്യക്ഷനായി ബെഞ്ച് ചേരുകയും ചെയ്തു.
കോഴക്കേസിൽ പ്രത്യേക അന്വേഷണം ആവശ്യപ്പെട്ടു സമർപ്പിച്ച ഹരജിയിൽ അസാധാരണമായ നടപടിക്രമമാണ് ഉണ്ടായതെന്ന് അഡ്വ. പ്രശാന്ത് ഭൂഷൺ കുറ്റപ്പെടുത്തി. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഞ്ച് ജഡ്ജിമാർ അടങ്ങുന്ന ബെഞ്ച് കേസ് പരിഗണിക്കണമെന്ന വ്യാഴാഴ്ചത്തെ ഉത്തരവ് മറികടക്കാൻ സ്വന്തം നിലക്ക് ജഡ്ജിമാരെ തെരഞ്ഞെടുത്ത് ബെഞ്ച് ഉണ്ടാക്കുകയായിരുന്നു അദ്ദേഹമെന്ന് പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ കുറിച്ചു. രാജ്യത്തെ ഉന്നത നീതിന്യായ സംവിധാനത്തെക്കുറിച്ച് വന്ന അഴിമതി ആരോപണത്തെക്കുറിച്ച് സ്വതന്ത്രവും വിശ്വാസയോഗ്യവും ശക്തവുമായ അന്വേഷണം വേണമെന്ന് പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. കോടതിമുറിയിലെ നാടകീയ രംഗങ്ങൾ മോശമായെന്നും അവ റിേപ്പാർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കണമെന്നും നിരവധി അഭിഭാഷകർ ആവശ്യപ്പെട്ടുവെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെ ഒരിക്കലും ഉത്തരവിറക്കില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.