ലഖ്‌നോ: ശകാരിച്ച അധ്യാപകനെ തോക്കുകൊണ്ട് വെടിവച്ച് വീഴ്ത്തി പത്താം ക്ലാസുകാരൻ. ഉത്തർപ്രദേശിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. അധ്യാപകന് നേരെ മൂന്ന് റൗണ്ട് വെടിയുതിർത്ത ശേഷം വിദ്യാർഥി തോക്കുമായി ഓടി രക്ഷപ്പെട്ടു. മറ്റൊരു വിദ്യാർഥിയുമായുള്ള തർക്കത്തെത്തുടർന്ന് അധ്യാപകൻ ശകാരിച്ചതിൽ കുട്ടി അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തു.
അതേസമയം, വെടിവെപ്പിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിന്‍റെ മുഴുവൻ ദൃശ്യങ്ങളും സ്കൂളിന് സമീപത്തെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിരുന്നു. കയ്യിൽ തോക്കുമായി അധ്യാപകനെ പിന്തുടരുന്ന വിദ്യാർഥിയെ വിഡിയോയിൽ കാണാം. തോക്കുകൊണ്ട് ആക്രമിക്കുമ്പോൾ അധ്യാപകൻ തടുക്കാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. വെടിയേറ്റ അധ്യാപകൻ നിലത്തിരിക്കുന്നതും മറ്റുള്ളവർ വിദ്യാർഥിയെ മുറുകെ പിടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചുറ്റുമുണ്ടായിരുന്നവർ വിദ്യാർഥിയെ പിടികൂടാനും തോക്ക് പിടിച്ചുവാങ്ങാനും ശ്രമിക്കുന്നുണ്ട്.
പരിക്കേറ്റ അധ്യാപകൻ അപകടനില തരണം ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജീവ് ദീക്ഷിത് പറഞ്ഞു. നാടൻ തോക്കാണ് വിദ്യാർഥി ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. തുടർചികിത്സക്കായി അധ്യാപകനെ ലഖ്‌നോവിലേക്ക് മാറ്റി. ശാസിച്ചതിൽ വിദ്യാർഥി ഇത്രയധികം അസ്വസ്ഥനാണെന്ന് താൻ ഒരിക്കലും കരുതിയില്ലെന്ന് അധ്യാപകൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.