സിക്കിമിൽ മിന്നൽ പ്രളയം: സൈനിക ക്യാമ്പ് മുങ്ങി, 23 സൈനികരെ കാണാതായി; ടീസ്ത നദിയിൽ വെള്ളപ്പൊക്കം

ഗുവാഹത്തി: വടക്കൻ സിക്കിമിലെ ലഖൻ വാലിയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ സൈനിക ക്യാമ്പ് മുങ്ങി. ഒഴുക്കിൽപ്പെട്ട് 23 സൈനികരെ കാണാതായെന്ന് പ്രതിരോധ വകുപ്പ് വക്താവ് അറിയിച്ചു. കാണാതായവർക്കായി സൈന്യം തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. സിങ്താമിന് സമീപമുള്ള ബർദാംഗിൽ നിർത്തിയിട്ടിരുന്ന സൈനിക വാഹനങ്ങൾ ചെളിയിൽ പുതഞ്ഞ നിലയിലാണ്.

വടക്ക് പടിഞ്ഞാറ് സിക്കിമിൽ സ്ഥിതി ചെയ്യുന്ന സൗത്ത് ലൊനാക് തടാകത്തിന് മുകളിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. ഇതേതുടർന്ന് ടീസ്ത നദിയിൽ വെള്ളപ്പൊക്കമുണ്ടായി. കാലവർഷത്തെ തുടർന്ന് കനത്ത മഴയാണ് ഇന്ന് പുലർച്ചെ പ്രദേശത്ത് പെയ്തത്. 

ഗാങ്ടോക്കിൽ നിന്ന് 30 കിലോമീറ്റർ അകലെ സിങ്താം ടൗണിലെ ഇന്ദ്രേനി പാലം മുട്ടിയാണ് പ്രളയ ജലം കടന്നു പോകുന്നത്. പുലർച്ചെ നാലു മണിയോടെ ബാലുതാർ ഗ്രാമവുമായി ബന്ധിപ്പിക്കുന്ന പാലം ഒലിച്ചു പോയതായി ഗാങ്ടോക് ഭരണകൂടം അറിയിച്ചു.

ചുങ്‌താങ് അണക്കെട്ടിൽ നിന്ന് വെള്ളം തുറന്നുവിട്ടത് താഴ്ന്ന പ്രദേശങ്ങളിലെ ജലനിരപ്പ് 15 മുതൽ 20 അടി വരെ ഉയരാൻ കാരണമായി. വടക്ക് ഗാങ്‌ടോക്കിൽ നിന്ന് 90 കിലോമീറ്റർ അകലെ ചുങ്താങ് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ടീസ്ത സ്റ്റേജ് 3 അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. 

മംഗൻ ജില്ലയിലെ ദിക്ചുവിലെ ടീസ്ത സ്റ്റേജ് 5 അണക്കെട്ടും തുറന്നിട്ടുണ്ട്. അണക്കെട്ടിന്‍റെ കൺട്രോൾ റൂമിന് സാരമായ കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. സിങ്‌ടാമിൽ ടീസ്ത നദിക്ക് സമീപമുള്ള താമസക്കാരെ ഒഴിപ്പിച്ചു. നഗരത്തിലെ സിങ്തം സീനിയർ സെക്കൻഡറി സ്കൂളിൽ താൽകാലിക ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

പശ്ചിമ ബംഗാളുമായി സിക്കിമിനെ ബന്ധിപ്പിക്കുന്ന ദേശീയപാത 10ലെ നിരവധി സ്ഥലങ്ങൾ തകർന്നിട്ടുണ്ട്. പ്രളയം ജലം ഒഴുകുന്നതിനാൽ നിരവധി റോഡുകൾ വഴിയുള്ള ഗതാഗതം തടസപ്പെട്ടു. 

Tags:    
News Summary - cloud burst over Lhonak Lake in North Sikkim; 23 army personnel have been missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.