ന്യൂഡൽഹി: ടയർ കമ്പനികൾക്ക് കോമ്പറ്റീഷൻ കമീഷൻ പിഴയിട്ട 1,788 കോടി റബർ കർഷകരുടെ ടയർ നിർമാണ സഹകരണ സ്ഥാപനം തുടങ്ങാൻ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ കിസാൻ സഭ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
കോമ്പറ്റീഷൻ നിയമ വ്യവസ്ഥ ലംഘിച്ചതിന് അഞ്ചു പ്രമുഖ ടയർ കമ്പനികൾക്കാണ് കോമ്പറ്റീഷൻ കമീഷൻ പിഴ ചുമത്തിയത്. അതനുസരിച്ച് എം.ആർ.എഫ് 622.09 കോടി, അപ്പോളോ ടയേഴ്സ് 425.53 കോടി, സിയറ്റ് 252.16 കോടി, ജെ.കെ ടയർ 309.95 കോടി, ബിർല ടയേഴ്സ് 178.33 കോടി എന്നിങ്ങനെ പിഴ അടക്കണം. ഓട്ടോമോട്ടിവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ മുഖേന വില സംബന്ധിച്ച സുപ്രധാന വിവരങ്ങൾ ടയർ നിർമാതാക്കൾ പരസ്പരം കൈമാറിയെന്നും ഒത്തുകളിച്ച് ടയറിന് വില നിശ്ചയിെച്ചന്നുമാണ് കോമ്പറ്റീഷൻ കമീഷൻ കണ്ടെത്തിയത്. ഇതിനെതിരായ ടയർ കമ്പനികളുടെ ഹരജി സുപ്രീംകോടതി ഈയിടെ തള്ളി.
കൊള്ളലാഭമെടുക്കാനുള്ള ടയർ കമ്പനികളുടെ ഏർപ്പാട് ഉപയോക്താക്കളെയും കർഷകരെയും വഞ്ചിക്കലാണെന്ന് കിസാൻ സഭ ജനറൽ സെക്രട്ടറി ഹന്നൻ മുല്ല പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. സഹകരണ സംഘങ്ങളുടെ കൂട്ടായ ഉടമസ്ഥതയിൽ ഒരു ടയർ കമ്പനി ഉണ്ടാകുന്നത് കർഷകർക്കും ഉപയോക്താക്കൾക്കും ഒരുപോലെ പ്രയോജനപ്പെടും.
സ്വാഭാവിക റബറിന് വില കുറഞ്ഞെങ്കിലും ടയറിനും അനുബന്ധ ഉൽപന്നങ്ങൾക്കും വില കുറഞ്ഞിട്ടില്ല. കൊള്ളലാഭമാണ് ടയർ കമ്പനികൾ കൊയ്യുന്നത്. ഈ സാഹചര്യത്തിലാണ് ടയർ കമ്പനികൾക്ക് കോമ്പറ്റീഷൻ കമീഷൻ 2018ൽ പിഴ ചുമത്തിയത്. സ്വതന്ത്ര വ്യാപാര കരാറുകളും നവലിബറൽ നയങ്ങളും ഉപയോഗപ്പെടുത്തി കോർപറേറ്റ് കമ്പനികളുടെ കൊള്ളക്ക് ഉദാഹരണമാണിത്. മിനിമം താങ്ങുവിലയെന്ന വാഗ്ദാനം ബി.ജെ.പി പാലിച്ചിട്ടില്ലെന്നും കത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.