അഹ്മദാബാദ്: രാജ്‌കോട്ടിൽ വിനോദ കേന്ദ്രത്തിലുണ്ടായ തീപിടത്തത്തിൽ മരിച്ചവരിൽ സ്ഥാപനത്തിന്‍റെ സഹ ഉടമയും. രാജ്‌കോട്ടിലെ ടി.ആർ.പി ഗെയിം സോണിന്‍റെ ഉടമകളിലൊരാളായ പ്രകാശ് ഹിരണാണ് മരിച്ചത്. ഡി.എൻ.എ പരിശോധനയിലൂടെ പ്രകാശ് ഹിരണിന്‍റെ മൃതദേഹം അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
തീപിടിത്ത സമയത്തെ സി.സി.ടിവി ദൃശ്യങ്ങളിൽ പ്രകാശ് ഹിരൺ ഗെയിമിങ് സോണിലുണ്ടായതായി കണ്ടെത്തിയിരുന്നു. പ്രകാശിന്‍റെ കാർ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് ലഭിച്ച അവശിഷ്ടങ്ങളിൽ നിന്ന് എടുത്ത സാമ്പിളുകൾ പ്രകാശിന്‍റെ അമ്മയുടെ ഡി.എൻ.എയുമായി പൊരുത്തപ്പെട്ടതാണ് മരണം സ്ഥിരീകരിക്കാൻ കാരണം.
പ്രകാശിന്‍റെ സഹോദരൻ ജിതേന്ദ്ര ഹിരൺ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തീപിടിത്തത്തിന് ശേഷം പ്രകാശുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്നും എല്ലാ ഫോൺ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തതായും പ്രകാശിന്‍റെ കാർ തീപിടിത്തമുണ്ടായ സ്ഥലത്ത് നിന്ന് കണ്ടെത്തിയതായും അദ്ദേഹം പരാതിയിൽ പറഞ്ഞു.
മേയ് 25ന് വൈകീട്ട് 4.30 ഓടെയാണ് രാജ്യത്തെ നടുക്കിയ തീപിടിത്തമുണ്ടായത്. 12 വയസ്സിന് താഴെയുള്ള നാല് കുട്ടികളടക്കം 27പേർ മരിച്ചു. ആറ് മണിക്കൂറിലധികം രക്ഷാപ്രവർത്തനം നടന്നു. വൻ തീപിടിത്തത്തെ തുടർന്ന് ഷെഡ് പൂർണമായും തകർന്നതായി അധികൃതർ അറിയിച്ചു. ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനായി ഗെയിമിങ് സെന്ററിൽ 2000 ലിറ്റർ ഡീസൽ സൂക്ഷിച്ചിരുന്നതായും ഇതിന് പുറമേ കാർ റേസിങ്ങിനായി 1500 ലിറ്റർ പെട്രോളും സൂക്ഷിച്ചിരുന്നതായും വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇത് തീപിടിത്തത്തിന്റെ ആഘാതം വർധിപ്പിച്ചിട്ടുണ്ടാകമെന്നാണ് വിലയിരുത്തൽ.
എഫ്.ഐ.ആറിൽ ആറ് പേരുടെ പേരുകൾ ചേർത്തിട്ടുണ്ടെങ്കിലും മൂന്ന് പേർ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. കേസുമായി പ്രതികൾ സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരെ 14 ദിവസത്തെ റിമാൻഡിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. രണ്ട് പൊലീസ് ഉദ്യോഗസ്ഥരെയും മൂന്ന് സിവിൽ ഉദ്യോഗസ്ഥരെയുമാണ് സസ്‌പെൻഡ് ചെയ്തത്. ഗെയിമിങ് സെന്റർ പ്രവർത്തിക്കാൻ അനുവദിച്ചതിൽ കടുത്ത അശ്രദ്ധ കാണിച്ചു എന്നാരോപിച്ചാണ് സസ്പെൻഷൻ.
ഞായറാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംഭവസ്ഥലവും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.