ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടിക്കും തനിക്കുമെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഉന്നയിച്ച് ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഡൽഹി സർക്കാറിനെതിരെ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി.
ഡൽഹി മദ്യനയ കുംഭകോണത്തിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് പങ്കുണ്ടെന്നും അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാർട്ടി ഉപയോഗിച്ചെന്നുമാണ് കേസിൽ കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ ഇ.ഡി ആരോപിച്ചത്.
ഈ സർക്കാറിന്‍റെ കാലത്ത് ഇ.ഡി 5000ലേറെ കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്ന് കെജ്‌രിവാൾ പറഞ്ഞു. അതിൽ എത്രപേരെ കുറ്റക്കാരെന്ന് കണ്ട് ശിക്ഷിച്ചിട്ടുണ്ട്? കേസുകളെല്ലാം വ്യാജമാണ്. തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. അഴിമതി തടയാനല്ല, സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കാനും എം.എൽ.എമാരെ വിലക്ക് വാങ്ങാനുമാണ് ഇ.ഡിയെ ഉപയോഗിക്കുന്നത് -കെജ്‌രിവാൾ പറഞ്ഞു.
മദ്യനയവുമായി ബന്ധപ്പെട്ട് തെക്കേ ഇന്ത്യയിലെ മദ്യക്കമ്പനികളിൽ നിന്നു 100 കോടി രൂപ എ.എ.പി കൈപ്പറ്റിയെന്നും ഇൗ പണം ഗോവ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നുമാണ് ഇ.ഡി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കൂടാതെ മുഖ്യമന്ത്രി കെജ്‌രിവാളിനേയും കേസുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന കുറ്റപത്രമാണ് ഇ.ഡി ഇപ്പോള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.