ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചതിന് പിന്നാലെ മാധ്യമ വിഭാഗം തലവൻ രൺദീപ് സുർജേവാല ഉൾപ്പെടെ മുതിർന്ന അഞ്ചു കോൺഗ്രസ് നേതാക്കളുടെയും ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ സമാന നടപടി സ്വീകരിച്ചതായി കോൺഗ്രസ്.
രൺദീപ് സുർജേവാല, എ.ഐ.സി.സി ജനറൽ െസക്രട്ടറിയും മുൻ മന്ത്രിയുമായ അജയ് മാക്കൻ, ലോക്സഭ വിപ്പ് മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, മഹിള കോൺഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് പൂട്ടിയതെന്നാണ് ആരോപണം.
അഞ്ചു നേതാക്കളുടെ അക്കൗണ്ട് പൂട്ടിയതായും അതിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കോൺഗ്രസ് നേതാവ് പ്രണവ് ഝാ ട്വീറ്റ് ചെയ്തു. ട്വിറ്റർ അക്കൗണ്ട് പൂട്ടിയിട്ടാൽ തങ്ങൾ ഇന്ത്യക്കുവേണ്ടി പോരാടുന്നതിൽനിന്ന് പിന്തിരിയുമെന്ന് അവർ കരുതുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
സർക്കാറിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ട്വിറ്റർ രാഹുലിന്‍റെ അക്കൗണ്ട് പൂട്ടിയതെന്നും കോൺഗ്രസ് ആരോപിച്ചു.
ഡൽഹിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതിനാണ് രാഹുലിന്‍റെ ട്വിറ്റർ അക്കൗണ്ട് പൂട്ടിയത്. ട്വീറ്റ് നീക്കം ചെയ്തതായും ട്വിറ്റർ ഡൽഹി കോടതിയെ അറിയിച്ചിരുന്നു. നേരത്തേ പെൺകുട്ടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.