ന്യൂഡൽഹി: രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ പിൻഗാമിയെച്ചൊല്ലി രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ ഗെഹ്‌ലോട്ട് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയണമെന്ന് പ്രവർത്തക സമിതി അംഗങ്ങൾ. രാജസ്ഥാനിലെ സമീപകാല രാഷ്ട്രീയ സംഭവ വികാസങ്ങളിലും ഗെഹ്‌ലോട്ട് ക്യാമ്പിലെ എം.എൽ.എമാരുടെ പെരുമാറ്റത്തിലും അസംതൃപ്തരായ കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ സോണിയ ഗാന്ധിക്ക് പരാതി നൽകി.
ഹൈകമാൻഡ് ജയ്‌പ്പൂരിലേക്കയച്ച മല്ലികാർജുൻ ഖാർഗെയെയും അജയ് മാക്കനെയും ഗെഹ്‌ലോട്ട് ക്യാമ്പിലെ എം.എൽ.എമാർ കാണാൻ കൂട്ടാക്കിയിരുന്നില്ല. നിയമസഭാ കക്ഷി യോഗത്തിലും എം.എൽ.എമാർ പങ്കെടുത്തില്ല. സംസ്ഥാനത്തെ എം.എൽ.എമാരെ കൃത്യമായി നിയന്ത്രിക്കാൻ കഴിയാത്ത ഗെഹ്‌ലോട്ടിന് പാർട്ടി അധ്യക്ഷനാകാൻ യോഗ്യതയില്ലെന്നാണ് മുതിർന്ന നേതാക്കളുൾപ്പെടെ വിമർശിക്കുന്നത്.
ഗെഹ്‌ലോട്ടിൽ വിശ്വാസമർപ്പിച്ച് അധ്യക്ഷ സ്ഥാനം നൽകുന്നത് ശരിയല്ലെന്നും, അദ്ദേഹത്തിൻറെ സ്ഥാനാർത്ഥിത്വം പാർട്ടി പുനഃപരിശോധിക്കണമെന്നും പരാതിയിൽ പറഞ്ഞു. മുതിർന്ന നേതാവും ഗാന്ധി കുടുംബത്തോട് കൂറുപുലർത്തുന്നതുമായ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കണമെന്ന് അംഗങ്ങൾ സോണിയാ ഗാന്ധിയോട് അഭ്യർത്ഥിച്ചു.
മുതിർന്ന നേതാക്കളായ ദിഗ്‌വിജയ് സിങ്, മുകുൾ വാസ്നിക് എന്നിവരാണ് ഇനി സ്ഥാനാർത്ഥിയാകാൻ സാധ്യതയുള്ളത്. ശശി തരൂർ സെപ്റ്റംബർ 30ന് പത്രിക സമർപ്പിക്കും.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെ വസതിയിൽ ഞായറാഴ്ച വൈകിട്ട് സച്ചിൻ പൈലറ്റും എം.എൽ.എമാരും ഹൈകമാൻഡ് പ്രതിനിധികളുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. എന്നാൽ ഗെഹ്‌ലോട്ട് പക്ഷത്തുള്ള എം.എൽ.എമാർ അതിൽ പങ്കെടുത്തിരുന്നില്ല. ഇതിനു പിന്നാലെയാണ് 90 എം.എൽ.എമാർ സ്പീക്കർ സി.പി. ജോഷിക്ക് രാജി കത്ത് നൽകിയത്.
ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയുമ്പോൾ പിൻഗാമിയായി എത്തുന്നത് സച്ചിൻ പൈലറ്റ് ആണെന്നാണ് ഗെഹ്‌ലോട്ട് പക്ഷത്തെ എം.എൽ.എമാർ വിശ്വസിക്കുന്നത്. 2020ൽ സ്വന്തം പാർട്ടിക്കെതിരെ തിരിഞ്ഞ പൈലട്ടിന് പകരം സ്വന്തം പാളയത്തിൽ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കണം എന്നാണ് ഗെഹ്‌ലോട്ട് പക്ഷ എം.എൽ.എമാർ ആവശ്യപ്പെടുന്നത്.
അതേസമയം, എം.എൽ.എമാർ യോഗത്തിൽ പങ്കെടുക്കണമായിരുന്നെന്നും അഭിപ്രായങ്ങൾ അറിയിക്കേണ്ടതായിരുന്നെന്നും ഗെഹ്‌ലോട്ടുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. മല്ലികാർജുൻ ഖാർഗെയും അജയ് മാക്കനും തിങ്കളാഴ്ച വൈകിട്ട് ഡൽഹിയിലെത്തും. പാർട്ടി എം.എൽ.എമാരുടെ കൂട്ട രാജി സമർപ്പിക്കലിനെ തുടർന്ന് സംസ്ഥാനത്തെ വിഴുങ്ങിയ രാഷ്ട്രീയ പ്രതിസന്ധിയെക്കുറിച്ച് ഉന്നത നേതൃത്വത്തിന് റിപ്പോർട്ട് സമർപ്പിക്കും.
പാർട്ടി എം.എൽ.എമാർ ഹൈകമാൻഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താൻ തയാറാകാത്ത സാഹചര്യത്തിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തിയ ശേഷം എ.ഐ.സി.സിയാകും അടുത്ത നടപടി തീരുമാനിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.