ഹൈദരാബാദ്: വോട്ട് ബാങ്കായി മാത്രമാണ് കോൺഗ്രസ് മുസ്‌ലിംകളെ ഉപയോഗിക്കുന്നതെന്ന് ബി.ആർ.എസ് പ്രസിഡന്‍റും തെലങ്കാന മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവു. ആരുടെ കീഴിലാണ് ബാബറി മസ്ജിദ് തകർക്കപ്പെട്ടതെന്നും അദ്ദേഹം ചോദിച്ചു. നിസാമാബാദിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതരത്വം പിന്തുടരുന്നുവെങ്കിൽ അത് പ്രവൃത്തിയിലും ഉണ്ടാകണമെന്നും ബി.ആർ.എസ് എല്ലാവരേയും തുല്യരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
"ബി.ആർ.എസ് മതവും സമുദായവും പരിഗണിക്കാതെ എല്ലാവരേയും ഒരുപോലെയാണ് കാണുന്നത്. കോൺഗ്രസ് മുസ്‌ലിംകളെ വോട്ട് ബാങ്കായി ഉപയോഗിച്ചു. ഇന്നും കോൺഗ്രസ് നാടകം കളിക്കുന്നു. അവർ പറയുന്നത് വിദ്വേഷത്തിന്റെ 'കട' പൂട്ടുമെന്നാണ്. ആരുടെ മേൽനോട്ടത്തിലാണ് ബാബറി മസ്ജിദിന് രക്തസാക്ഷിത്വം സംഭവിച്ചതെന്ന് ഞാൻ ചോദിക്കുന്നു. ആരാണ് അത് ചെയ്തത്? അത് മനസിലാക്കേണ്ടതുണ്ട്" -അദ്ദേഹം പറഞ്ഞു.
തെലങ്കാന രൂപപ്പെടുന്നതിന് മുമ്പ് ആന്ധ്രാപ്രദേശിലെ 10 വർഷത്തെ കോൺഗ്രസ് ഭരണത്തിൽ 2000 കോടി മാത്രമാണ് ന്യൂനപക്ഷത്തിന്‍റെ ക്ഷേമത്തിനായി ചെലവഴിച്ചത്. എന്നാൽ ബി.ആർ.എസ് സർക്കാർ 12,000 കോടി രൂപ ചെലവഴിച്ചിച്ചുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2014ന് ശേഷം സംസ്ഥാനത്ത് വർഗീയ കലാപങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കോൺഗ്രസ് സർക്കാറിന്റെ കാലത്ത് ഇത്തരം കലാപങ്ങളും കർഫ്യൂവുകളുമാണ് പതിവെന്നും അദ്ദേഹം ആരോപിച്ചു. താൻ ജീവിച്ചിരിക്കുന്നിടത്തോളം തെലങ്കാന മതേതരമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആർക്കും വിഭജിക്കാൻ കഴിയില്ലെന്നും മുസ്‌ലിംകൾ ഹിന്ദുക്കൾക്ക് വേണ്ടിയും ഹിന്ദുക്കൾ മുസ്‌ലിംകൾക്ക് വേണ്ടിയും പ്രവർത്തിക്കുമെന്നും സഹോദരരെ പോലെ സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.