പട്ന: മണിക്കൂറുകൾ നീണ്ടു നിന്ന മാരത്തൺ വോട്ടെണ്ണലിന് ശേഷം മഹാസഖ്യത്തെ നേരിയ സീറ്റുകൾക്ക് മറികടന്ന് എൻ.ഡി.എ ബിഹാറിൽ അധികാരം നിലനിർത്തിയിരിക്കുകയാണ്. കഴിഞ്ഞ നിയമസഭയിൽ എൻ.ഡി.എയിലെ വലിയ കക്ഷിയായിരുന്ന നിതീഷ് കുമാറിെൻറ ജെ.ഡി.യുവിനെ പിന്നിലാക്കി ബി.ജെ.പി (75 സീറ്റ്) ഇക്കുറി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി മാറിയിരുന്നു. 43 സീറ്റിലേക്ക് ചുരുങ്ങിയെങ്കിലും ജെ.ഡി.യുവിന് തന്നെയാകും മുഖ്യമന്ത്രി സ്ഥാനമെന്നാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.
എന്നാൽ എൻ.ഡി.എ സഖ്യം വിട്ട് മഹാസഖ്യത്തിൽ ചേരാൻ നിതീഷിനെ ക്ഷണിച്ചിരിക്കുകയാണ് കോൺഗ്രസ്. മുതിർന്ന കോൺഗ്രസ് നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായിരുന്ന ദിഗ്വിജയ സിങ്ങാണ് ട്വിറ്ററിലൂടെ ജെ.ഡി.യുവിനോട് കളംമാറ്റി ചവിട്ടാൻ ആവശ്യപ്പെട്ടത്.
'ബി.ജെ.പിയും സംഘ പരിവാറും അമർബെൽ മരം പോലെയാണ്. മറ്റൊന്നിനെ വളമാക്കി വളരുന്ന വൃക്ഷം. നിതീഷ് ജി....ലാലു ജി നിങ്ങളുമായി പോരാടി. ജയിലിൽ പോയി. ബി.ജെ.പി സംഘ പരിവാർ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് തേജസ്വിയെ അനുഗ്രഹിക്കുക' -ദിഗ്വിജയ സിങ് ട്വീറ്റ് ചെയ്തു.
'റാം വിലാസ് പാസ്വാെൻറ പാരമ്പര്യം അവസാനിപ്പിച്ച ബി.ജെ.പി നയതന്ത്രത്തിലൂടെ നിതീഷിെൻറ നിലവാരം കുറച്ചു. ഇന്നുവരെ എല്ലാ സഖ്യ സർക്കാറുകളിലും സോഷ്യലിസ്റ്റ് മതേതര പ്രത്യയശാസ്ത്ര രാഷ്ട്രീയത്തെ ദുർബലപ്പെടുത്തിയ ബി.ജെ.പി അവരുടെ നില മെച്ചപ്പെടുത്തുകയും ചെയ്തു' -തെരഞ്ഞെടുപ്പിൽ ജെ.ഡി.യുവിനെ ബി.ജെ.പി ഹൈജാക്ക് ചെയ്തതിനെ അദ്ദേഹം മറ്റൊരു ട്വീറ്റിലൂടെ ഓർമപ്പെടുത്തി.
'പ്രത്യയശാസ്ത്ര പോരാട്ടത്തിൽ രാഹുൽ ഗാന്ധിയാണ് ഇന്ന് രാജ്യത്തെ ഏക നേതാവ്. രാഷ്ട്രീയം പ്രത്യയശാസ്ത്രമാണെന്ന് എൻ.ഡി.എയുടെ സഖ്യകക്ഷികൾ മനസിലാക്കണം. പ്രത്യയശാസ്ത്രം ഉപേക്ഷിച്ച് സ്വാർതഥതയ്ക്കായി വിട്ടുവീഴ്ച ചെയ്യുന്ന ഏതൊരു വ്യക്തിയും ദീർഘകാലം രാഷ്ട്രീയത്തിൽ നിലനിൽക്കില്ല' -അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
2015ൽ മഹാസഖ്യത്തിെൻറ ഭാഗമായി മത്സരിച്ച് 71സീറ്റിൽ വിജയിച്ച ജെ.ഡി.യു പിന്നാലെ മറുകണ്ടം ചാടി ബി.ജെ.പിക്കൊപ്പം പോകുകയായിരുന്നു. ബിഹാറിൽ തങ്ങളുടെ അടിത്തറ വികസിപ്പിക്കാൻ നിതീഷുമായി കോർത്ത എൽ.ജെ.പിയുടെ ചിരാഗ് പാസ്വാനെ രംഗത്തിറക്കിയത് ബി.ജെ.പിയുടെ തന്നെ പദ്ധതിയാണെന്ന് വ്യാപകമായി ആക്ഷേപമുണ്ട്. ബി.ജെ.പി തങ്ങളെ പിന്നിൽ നിന്ന് കുത്തിയെന്ന ആശങ്ക ചില ജെ.ഡി.യു നേതാക്കൾ പങ്കുവെക്കുന്നുണ്ട്.
സഖ്യത്തിൽ വല്ല്യേട്ടൻ പരിവേശം ബി.ജെ.പിക്ക് കൈവന്നതോടെ പാർട്ടിയിൽ നിന്നും കൊഴിഞ്ഞുപോക്കുണ്ടായേക്കുമെന്നും നിതീഷ് ഭയപ്പെടുന്നുണ്ട്. അധികാരത്തിനായി മുന്നണിമാറുന്നതിന് യാതൊരു മടിയും കാണിക്കാത്ത നിതീഷ് ഇത്തരമൊരു സാഹചര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്നാണ് അറിയേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.