ന്യൂഡൽഹി: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിൽ ഒന്ന് മാത്രമേ കോൺഗ്രസിന് നൽകൂവെന്ന് ആം ആദ്മി പാർട്ടി എം.പി സന്ദീപ് പഥക്. കോൺഗ്രസ് ഡൽഹിയിൽ ഒരു സീറ്റ് പോലും അർഹിക്കുന്നില്ലെന്നും എന്നാൽ 'സഖ്യധർമം' പരിഗണിച്ചാണ് ഞങ്ങൾ അവർക്ക് ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻഡ്യ സഖ്യത്തിലെ പ്രമുഖ കക്ഷികളായ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് എ.എ.പി നേതാവിന്റെ പരാമർശം.
‘‘മെറിറ്റ് നോക്കുകയാണെങ്കിൽ, കോൺഗ്രസ് ഡൽഹിയിൽ ഒരു സീറ്റ് പോലും അർഹിക്കുന്നില്ല, എന്നാൽ സഖ്യധർമം പരിഗണിച്ചാണ് ഞങ്ങൾ അവർക്ക് ഒരു സീറ്റ് വാഗ്ദാനം ചെയ്യുന്നത്. കോൺഗ്രസ് ഒരു സീറ്റിലും ആം ആദ്മി പാർട്ടി ആറ് സീറ്റിലും മത്സരിക്കണമെന്ന് ഞങ്ങൾ നിർദേശിക്കുന്നു. ലോക്സഭ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ഡൽഹിയിൽ ഒരു സീറ്റുമില്ല. മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ 250ൽ ഒമ്പത് സീറ്റ് മാത്രമാണ് അവർക്ക് ലഭിച്ചത്’’ -സന്ദീപ് പഥക് പറഞ്ഞു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ തറപറ്റിച്ചാണ് എ.എ.പി അധികാരം നിലനിർത്തിയത്. ഡൽഹിയിൽ തുടർച്ചയായി അധികാരത്തിലിരുന്ന കോൺഗ്രസ് തെരഞ്ഞെടുപ്പ് തിരിച്ചടികൾ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴ് സീറ്റുകളിലും വിജയം ബി.ജെ.പിക്കൊപ്പമായിരുന്നു. പഞ്ചാബിൽ കോൺഗ്രസും എ.എ.പിയും ഒറ്റക്കൊറ്റക്ക് മത്സരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.