ന്യൂഡൽഹി: സ്വന്തം ജീവിതവും പരിസരവും അറിയാതെ ഒരു പതിറ്റാണ്ട്. പ്രിയരഞ്ജൻ ദാസ് മുൻഷിയെ മരണം കൂട്ടിക്കൊണ്ടുപോയത് അത്രയും ദീർഘമായ അബോധാവസ്ഥക്കുശേഷമാണ്. 61 വർഷത്തെ ചുറുചുറുക്കിൽനിന്ന് ഒമ്പതു വർഷത്തെ അബോധജീവിതത്തിലേക്കൊരു തെന്നിവീഴ്ചയായിരുന്നു 2008 ഒക്ടോബർ 12ന് സംഭവിച്ചത്. പിന്നീടൊരിക്കലും ബോധം തിരിച്ചുവന്നില്ല. ഒന്നും അറിഞ്ഞതുമില്ല.
കണ്ണിനും കഴുത്തിനും മാത്രം നേരിയ ചലനമുള്ള ശരീരം. കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക കുഴലിലൂടെ ശ്വാസം. ട്യൂബ് വഴി ദ്രവരൂപത്തിലുള്ള ആഹാരം. ഒരു ഭാഗത്തെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചു പോയ അവസ്ഥ. ഒന്നും മനസ്സിലാക്കാനും ആരെയും തിരിച്ചറിയാനും കഴിയാത്ത കണ്ണുകൾ. ഒമ്പതു വർഷത്തിലേറെയായി പ്രിയരഞ്ജൻദാസ് മുൻഷി അങ്ങനെയൊക്കെയായിരുന്നു.
യു.പി.എ സർക്കാറിൽ വാർത്തവിതരണ പ്രക്ഷേപണ, പാർലമെൻററികാര്യ വകുപ്പുകൾ ഒന്നിച്ചു കൈകാര്യം ചെയ്തുവന്ന തിരക്കുപിടിച്ച മന്ത്രിയായിരുന്നു ദാസ്മുൻഷി. ഇൗ തിരക്ക് ഉണ്ടാക്കുന്ന രക്തസമ്മർദവും മറ്റും അപകടത്തിെൻറ ദുഃസൂചനകൾ നേരത്തേ നൽകിയിരുന്നു. എന്നാൽ, അതു വകവെക്കാതെ ദാസ്മുൻഷി സ്പോർട്സ്മാൻ സ്പിരിറ്റോടെ ഒാടിനടന്നു. അതിനിടയിലാണ് ഒൗദ്യോഗിക വസതിയിൽ മസ്തിഷ്കാഘാതത്തെ തുടർന്നുള്ള വീഴ്ച.
ഭാരിച്ച ചികിത്സയുടെ ചെലവുകൾ താങ്ങാൻ മൻേമാഹൻസിങ് സർക്കാർ തുടർന്നുള്ള കാലയളവിൽ ദാസ്മുൻഷിയെ വകുപ്പില്ലാതെ മന്ത്രിസഭാംഗമായി നിലനിർത്തി. 2009ൽ വിദേശത്തെ വിദഗ്ധ ചികിത്സക്ക് ജർമനിയിൽ കൊണ്ടുപോയി. പ്രവർത്തനം നിലച്ചുപോയ തലച്ചോർ ഭാഗത്തിെൻറ ക്ഷമത വീണ്ടെടുക്കാനുള്ള ശ്രമത്തിൽ ദസൽഫോർഡ് ആശുപത്രിയിൽ കോശചികിത്സ നടത്തി. ഒന്നും പ്രയോജനപ്പെട്ടില്ല. മരവിപ്പ് ബാധിച്ച ശരീരമായി ദാസ് മുൻഷി ഡൽഹിയിലെ അപ്പോളോ ആശുപത്രി കിടക്കയിലേക്കുതന്നെ തിരിച്ചെത്തി.
2009ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഭാര്യ ദീപയെ കോൺഗ്രസ് ദാസ് മുൻഷിയുടെ മണ്ഡലമായ റായ്ഗഞ്ചിൽ മത്സരിപ്പിച്ചു. രണ്ടാം യു.പി.എ സർക്കാറിൽ മന്ത്രിയാക്കി. ചികിത്സ ചെലവുകൂടി പരിഗണിച്ചുകൊണ്ടുള്ള തീരുമാനമായിരുന്നു അത്. പിന്നെയും ചികിത്സ പരീക്ഷണങ്ങൾ. പ്രതീക്ഷ നഷ്ടപ്പെട്ട മാസങ്ങൾ, വർഷങ്ങൾ. ഇത്രകാലം അബോധാവസ്ഥയിൽ മരിച്ചു ജീവിച്ച മറ്റൊരു രാഷ്ട്രീയ നേതാവ് ഉണ്ടാവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.