ലഖ്നോ: നിയമസഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ കോൺഗ്രസ് മത്സരിച്ച 399 സീറ്റുകളിൽ 387ലും കെട്ടിവെച്ച കാശ് പോയി. രണ്ട് മണ്ഡലങ്ങളിൽ മാത്രമാണ് വിജയിച്ചത്.
ഭൂരിഭാഗം സീറ്റുകളിലും മത്സരിച്ചെങ്കിലും ആകെ കിട്ടിയത് 2.4 ശതമാനം വോട്ടുമാത്രം. 33 സീറ്റുകളിൽ മത്സരിച്ച ആർ.എൽ.ഡിക്കുപോലും കിട്ടി 2.9 ശതമാനം വോട്ട്. ദയനീയ പ്രകടനത്തിൽ അസ്വസ്ഥരായ കോൺഗ്രസ് പ്രവർത്തകർ മാർച്ച് 14 ന് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കാണാനാണ് നീക്കം.മുൻ മുഖ്യമന്ത്രി മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) മത്സരിച്ച 403 സീറ്റുകളിൽ 290 സീറ്റിലും കെട്ടിവെച്ച കാശ് പോയി.
വിജയിച്ച ബി.ജെ.പിക്ക് പോലും അവർ മത്സരിച്ച 376 സീറ്റുകളിൽ മൂന്നിടത്ത് കെട്ടിവെച്ച തുക നഷ്ടമായി. 347 സീറ്റുകളിൽ മത്സരിച്ച സമാജ്വാദി പാർട്ടിക്ക് (എസ്.പി) ആറിടത്ത് കെട്ടിവെച്ച കാശ് പോയി.
ബി.ജെ.പിയുടെ സഖ്യകക്ഷികളായ അപ്നാ ദൾ (സോണേലാൽ), നിഷാദ് പാർട്ടി എന്നിവർ മത്സരിച്ച 27 സീറ്റുകളിൽ ഒന്നിൽ പോലും കെട്ടിവെച്ച കാശില്ല. തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച്, ഒരു മണ്ഡലത്തിൽ പോൾ ചെയ്ത മൊത്തം സാധുവായ വോട്ടിന്റെ ആറിലൊന്ന് എങ്കിലും നേടുന്നതിൽ പരാജയപ്പെടുന്ന സ്ഥാനാർഥിക്ക് കെട്ടിവെച്ച തുക നഷ്ടപ്പെടും. യു.പിയിലെ 4,442 സ്ഥാനാർഥികളിൽ, 3,522 പേർക്ക് ( 80 ശതമാനം) നിക്ഷേപത്തുക നഷ്ടമായി. 41.3 ശതമാനമാണ് ഇക്കുറി ബി.ജെ.പിയുടെ വോട്ട് നേട്ടം. 2017 ൽ ബി.എസ്.പി 403 സീറ്റിൽ മത്സരിച്ചതിൽ 19 എണ്ണത്തിൽ മാത്രമാണ് വിജയിച്ചത്. അന്ന് 81 സീറ്റുകളിൽ കെട്ടിവെച്ച തുക നഷ്ടമായി.
49 സീറ്റുകളിൽ ഭൂരിപക്ഷം 5,000ത്തിൽ താഴെ
ലഖ്നോ: ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ 49 പേരുടെ ഭൂരിപക്ഷം 5,000 വോട്ടിൽ താഴെ. 25 സമാജ്വാദി പാർട്ടി സ്ഥാനാർഥികൾ 5,000 ത്തിൽ താഴെ വോട്ടിൽ പരാജയപ്പെട്ടപ്പോൾ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളിന്റെ (ആർ.എൽ.ഡി) മൂന്ന് സ്ഥാനാർഥികളെയും സമാനമായ വിധിയാണ് കാത്തിരുന്നത്. 18 ബി.ജെ.പി സ്ഥാനാർഥികളും 5,000ത്തിൽ താഴെ വോട്ടിന് പരാജയപ്പെട്ടു. സഖ്യകക്ഷികളായ നിഷാദ് പാർട്ടിക്ക് രണ്ടിടത്തും അപ്നാ ദളിന് ഒരു സീറ്റിലും നേരിയ വ്യത്യാസത്തിൽ പരാജയം നുണയേണ്ടി വന്നു.ബി.ജെ.പിയുടെ അശോക് കുമാർ റാണ എസ്.പിയുടെ നയീമുൽ ഹസനെ 203 വോട്ടിന് പരാജയപ്പെടുത്തിയ ധംപുരിലാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം. കുർസിയിലെ ബി.ജെ.പി സ്ഥാനാർഥി സകേന്ദ്ര വർമ എസ്.പിയുടെ രാകേഷ് വർമക്കെതിരെ 217 വോട്ടിന് വിജയിച്ചു.
ബി.ജെ.പിയുടെ കമലേഷ് സൈനിയെ ചാന്ദ്പുരിൽ നിന്ന് 234 വോട്ടുകൾക്ക് എസ്.പിയുടെ സ്വാമി ഓംവേഷ് പരാജയപ്പെടുത്തി. രാംനഗർ സീറ്റിൽ 261 വോട്ടുകൾക്കും ഇസൗലി സീറ്റിൽ 269 വോട്ടുകൾക്കും ബി.ജെ.പി പരാജയപ്പെട്ടു. ഏറ്റവും കൂടിയ അഞ്ച് ഭൂരിപക്ഷവും നേടിയത് ബി.ജെ.പിയാണ്. 2.14 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സുനിൽകുമാർ ശർമ സാഹിബാബാദിൽ ചരിത്ര വിജയം നേടിയത്. നിയമസഭ ചരിത്രത്തിലെ ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്. യു.പിയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലവും സാഹിബാബാദുതന്നെ. നോയിഡയിൽ പങ്കജ് സിങ്ങിന്റെ വിജയ മാർജിൻ 1.81 ലക്ഷം. അമിത് അഗർവാൾ മീററ്റ് കന്റോൺമെന്റിലെ എതിരാളിയേക്കാൾ 1.18 ലക്ഷം വോട്ട് കൂടുതൽ നേടി. ആഗ്ര നോർത്ത്, മഥുര മണ്ഡലങ്ങളിൽ നിന്ന് യഥാക്രമം 1.12 ലക്ഷം, 1.09 ലക്ഷം വോട്ടുകൾക്കാണ് ബി.ജെ.പിയുടെ പുരുഷോത്തം ഖണ്ഡേൽവാളും ശ്രീകാന്ത് ശർമയും വിജയിച്ചത്. ഉത്തർപ്രദേശിലെ 403 അസംബ്ലി സീറ്റുകളിൽ ബി.ജെ.പി 255 സീറ്റുകൾ നേടിയപ്പോൾ സഖ്യകക്ഷികളായ അപ്നാദളിന് 12ഉം നിഷാദ് പാർട്ടിക്ക് ആറും സീറ്റ് ലഭിച്ചു. എസ്.പി സഖ്യം 125 സീറ്റുകൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.