മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മാറിനിന്ന് കോൺഗ്രസ്-എൻ.സി.പി സഖ്യത്തെ സഹായിച്ച മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) അധ്യക്ഷൻ രാജ് താക്കറെ പിന്തുടർന്നത് ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ രാഷ്ട്രീയ നയം.
1980ൽ ഇന്ദിര ഗാന്ധിക്കുവേണ്ടിയായിരുന്നു ബാൽ താക്കറെ തെൻറ പാർട്ടിയെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാതിരുന്നത്. അടിയന്തരാവസ്ഥക്കുശേഷം അധികാരം നഷ്ടപ്പെട്ട ഇന്ദിരയെ തിരിച്ചുവരാൻ സഹായിക്കുകയായിരുന്നു ബാൽ താക്കറെ. അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എ.ആർ. ആന്തുലെയുമായുള്ള ബന്ധമായിരുന്നു അതിന് കാരണമായത്.
ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ കോൺഗ്രസ്, എൻ.സി.പി സഖ്യത്തെ സഹായിക്കുകയാണ് രാജ് താക്കറെ. അന്ന് താക്കറെക്ക് പിന്നിൽ ആന്തുലെ ആയിരുന്നെങ്കിൽ ഇന്ന് രാജിന് പിന്നിൽ ശരദ് പവാറാണ്. താക്കറെയെപ്പോലെ മാറിനിൽകുക മാത്രമല്ല രാജ് ചെയ്തത്.
നരേന്ദ്ര മോദിക്കും അമിത് ഷാക്കും എതിരെ ശക്തമായ പ്രചാരണങ്ങളും നടത്തി. ‘യെ ലവാരെ വിഡിയോ’ (വിഡിയോ പ്രദർശിപ്പിക്കൂ) എന്ന പറച്ചിൽ ശൈലിയും മോദിയെ തുറന്നുകാട്ടുന്ന വിഡിയോ പ്രദർശനവും വൻ ജനാവലിയെ ആകർഷിച്ചു. ബാൽ താക്കറെയുടെ പ്രസംഗശൈലിയും ശരീരഭാഷയുമാണ് രാജിെൻറ മറ്റൊരു പ്രധാന സവിശേഷത. ഇത് മറാത്തികളെ വൈകാരികമായി രാജിലേക്ക് അടുപ്പിച്ചതായാണ് വിലയിരുത്തൽ.
ബാൽ താക്കറെയുടെ സഹോദരെൻറ മകനാണ് രാജ് താക്കറെ. കുഞ്ഞുനാൾ തൊട്ട് താക്കറെക്ക് ഒപ്പമായിരുന്ന രാജ് ശിവസേനയിൽ രണ്ടാമനായിമാറിയിരുന്നു. രാജ് തെൻറ പിൻഗാമി ആകുമെന്ന സൂചനകൾ താക്കറെ നൽകുകയും ചെയ്തു.
എന്നാൽ, 2003ൽ താക്കറെ മകൻ ഉദ്ധവിനെ പാർട്ടിയുടെ വർക്കിങ് പ്രസിഡണ്ടാക്കിയതോടെ രാജ് അകന്നു. 2006 സേന വിട്ട രാജ് എം.എൻ.എസിന് രൂപം നൽകി.
2009ലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി-സേന സഖ്യത്തെ എം.എൻ.എസ് തകർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.