ന്യൂഡൽഹി: മണിപ്പൂരിൽ ഇന്ന് നടക്കുന്ന വിഷയങ്ങൾക്കെല്ലാം കാരണം കോൺഗ്രസ് ആണെന്ന് മുഖ്യമന്ത്രി എൻ.ബിരേൻ സിങ്. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും നടത്തുന്ന പ്രവർത്തനങ്ങൾ വിലമതിക്കാനാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. അവരെ കേൾക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ക്രമസമാധാനം ഉടലെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങൾ മോദിയുടെയും ഷായുടെയും ഉപദേശങ്ങൾ അംഗീകരിക്കാറുണ്ട്. പാർലമെന്‍റിൽ ഇരുവരുടെയും പ്രസ്താവനകൾ കേട്ട് കഴിഞ്ഞാൽ സംസ്ഥാനത്ത് സമാധാനാന്തരീക്ഷമുണ്ടാകാറുണ്ട്. ഇത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസത്തിനുള്ള ദിവസേന പ്രക്രിയയാണ്. ഞങ്ങൾ ഇവിടെയുള്ളത് ആഭ്യന്തര മന്ത്രിയുടെ നിർദേശങ്ങൾ സ്വീകരിക്കാനാണ്" - ബിരേൻ സിങ് പറഞ്ഞു.
കഴിഞ്ഞ ദിവസം മണിപ്പൂരിനെ കുറിച്ച് രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെയും അദ്ദേഹം വിമർശിച്ചിരുന്നു. ലഡാക്കിൽ പോയ രാഹുൽ ഗാന്ധി ലഡാക്കിനെ കുറിച്ച് സംസാരിക്കണമെന്നായിരുന്നു ബിരേൻ സിങ്ങിന്‍റെ പരാമർശം.
"രാഹുൽ ഗാന്ധിക്ക് എങ്ങനെയാണ് ലഡാക്കിൽ നിന്ന് കൊണ്ട് മണിപ്പൂരിനെ കുറിച്ച് സംസാരിക്കാനാകുന്നത്? ലഡാക്കിൽ പോകുമ്പോൾ ലഡാക്കിനെ കുറിച്ച് സംസാരിക്കൂ. ഇന്ന് മണിപ്പൂരിൽ എന്തൊക്കെയാണോ നടക്കുന്നത് അത് കോൺഗ്രസിന്‍റെ സംഭാവനയാണ്. മനുഷ്യരുടെ ജീവൻ വെച്ചല്ല രാഷ്ട്രീയം കളിക്കേണ്ടത്" - ബിരേൻ സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.