തെരഞ്ഞെടുപ്പിനിടയിൽ ‘വാർ റൂം’ ഒഴിയാൻ കോൺഗ്രസിന് നിർദേശം

ന്യൂഡൽഹി: തെരഞ്ഞെടുപ്പു മാസങ്ങളിലേക്ക് രാഷ്ട്രീയ പാർട്ടികൾ കടന്നതിനിടയിൽ യുദ്ധതന്ത്രങ്ങളുടെ ‘വാർ റൂ’മിൽനിന്ന് ഒഴിയാൻ കോൺഗ്രസിന് നിർദേശം. ഒന്നര പതിറ്റാണ്ടായി കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പു തന്ത്രങ്ങളും സ്ഥാനാർഥിപ്പട്ടികയുമൊക്കെ രൂപപ്പെടുത്തിയിരുന്ന 15 രഖബ്ഗഞ്ച് റോഡ് ബംഗ്ലാവിൽനിന്ന് മാറണമെന്നാണ് പാർലമെന്‍റിന്‍റെ ഭവനകാര്യ സമിതി നിർദേശം.

കോൺഗ്രസിന്‍റെ രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യക്ക് അനുവദിച്ചിരുന്നതാണ് ഈ ബംഗ്ലാവ്. അദ്ദേഹത്തിന്‍റെ രാജ്യസഭ കാലാവധി ആഗസ്റ്റിൽ അവസാനിച്ചു. ഇതോടെ ഈ മാസം 13ന് മുമ്പായി വസതി ഒഴിയാനാണ് നോട്ടീസ്. പാർട്ടി പ്രവർത്തനങ്ങൾക്കായി ഭട്ടാചാര്യയുടെ ബംഗ്ലാവ് ഉപയോഗിച്ചു പോന്ന കോൺഗ്രസ്, ഫിറോസ്ഷാ റോഡിൽ യുദ്ധമുറിക്കായി മറ്റൊരു ബംഗ്ലാവ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. അതേസമയം, ബംഗ്ലാവ് ഒഴിയാൻ കുറച്ചുകൂടി സാവകാശം ഭട്ടാചാര്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രാജ്യസഭ ഭവനകാര്യ സമിതിയുടെ പരിഗണനയിലാണ്.

ഭട്ടാചാര്യക്കു മുമ്പ് നടി രേഖക്ക് അനുവദിച്ചതായിരുന്നു ഈ വസതി. യു.പി.എ സർക്കാറിന്‍റെ കാലത്ത് രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു രേഖ. കാലാവധി കഴിഞ്ഞപ്പോഴാണ് പ്രദീപ് ഭട്ടാചാര്യക്ക് നൽകിയത്. രേഖയുടെ കാലത്തുതന്നെ കോൺഗ്രസിന് ‘വാർ റൂ’മായി ബംഗ്ലാവ് വിട്ടു കൊടുത്തിരുന്നു.

എ.ഐ.സി.സി ആസ്ഥാനത്തെ തിരക്കുകളിൽനിന്നൊഴിഞ്ഞ വസതി തന്ത്രങ്ങളുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാനും ഉപകരിച്ചു. തെരഞ്ഞെടുപ്പു കാലത്ത് വീടൊഴിയാൻ നിർദേശിച്ചത് കേന്ദ്രസർക്കാറിന്‍റെ പകപോക്കൽ രാഷ്ട്രീയമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി.

Tags:    
News Summary - Congress to vacate its Delhi 'war room' ahead of upcoming Assembly polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.