കൺവെൻഷൻ സെന്റർ താൻ തന്നെ പൊളിക്കുമായിരുന്നു; തെലങ്കാന സർക്കാറിനെതിരെ നാഗാർജുന

ഹൈദരാബാദ്: കൺവെൻഷൻ സെന്റർ പൊളിച്ച സംഭവത്തിൽ തെലങ്കാന സർക്കാറിനെതിരെ വിമർശനവുമായി ചലച്ചിത്രതാരം നാഗാർജുന. നിർമാണം നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള എൻ കൺവെൻഷൻ സെന്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കിയത്.

കോടതി ഉത്തരവിടുകയാണെങ്കിൽ താൻ തന്നെ കൺവെൻഷൻ സെന്റർ പൊളിച്ചു നീക്കുമായിരുന്നുവെന്ന് നാഗാർജുന പറഞ്ഞു. എന്നാൽ, കേസിൽ ഇടക്കാല സ്റ്റേ ഏർപ്പെടുത്തുകയാണ് കോടതി ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമവിരുദ്ധമായാണ് കൺവെൻഷൻ സെന്റർ പൊളിച്ചു നീക്കിയത്. ഇത് തനിക്ക് വേദനയുണ്ടാക്കി. തന്റെ പ്രശസ്തി ഉപയോഗിച്ച് നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്ന് കൂടി പറയാൻ ഈ സന്ദർഭം ഉപയോഗിക്കുകയാണെന്ന് എക്സിലെ കുറിപ്പിൽ നാഗാർജുന വ്യക്തമാക്കി.

പ്ലാൻ പ്രകാരം ഒരിഞ്ച് ഭൂമി പോലും കൈയേറിയിട്ടില്ല. സ്വകാര്യഭൂമിയിലാണ് കെട്ടിടം നിർമിച്ചത്. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൺവെൻഷൻ സെന്റർ തകർത്തത്. നടപടിക്ക് മുമ്പ് നോട്ടീസ് നൽകിയിരുന്നില്ല. കോടതിയുടെ പരിഗണനയിൽ കേസ് നിൽക്കുമ്പോഴാണ് നിയമവിരുദ്ധമായി ഇത്തരത്തിൽ കെട്ടിടം തകർത്തതെന്നും നാഗാർജുന പറഞ്ഞു.

പൊതുജനങ്ങൾക്ക് തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ മാറുന്നതിന് വേണ്ടിയാണ് ഇപ്പോൾ ഇങ്ങനെയൊരു പ്രസ്താവന നടത്തുന്നത്. തെലങ്കാന സർക്കാർ അധികൃതർ നടത്തിയ തെറ്റായ നടപടികൾക്കെതിരെ കോടതിയിൽ നിന്നും തങ്ങൾക്ക് നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Would Have Demolished It Myself": Actor Nagarjuna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.