ലഖ്നോ: ജാതി സെൻസസ് നടപ്പാക്കണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതുവരെ മിസ് ഇന്ത്യ ആയി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടികയിൽ ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗത്തിൽ പെട്ട സ്ത്രീകളില്ല. രാജ്യത്തെ മുൻ നിര മാധ്യമങ്ങളിലെ അവതാരകാരും ഈ സമുദായങ്ങളിൽ നിന്നുള്ളവരല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മാധ്യമങ്ങൾ പോലും ഇതിനെ കുറിച്ച് പറയുന്നില്ലെന്നും അവർ ബോളിവുഡ് സിനിമകളെ കുറിച്ചും കായിക രംഗത്തെ കുറിച്ചുമെല്ലാമാണ് സംസാരിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു. പ്രയാഗ് രാജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മിസ് ഇന്ത്യ പട്ടിക പരിശോധിച്ചു. ദലിത്, ആദിവാസി, ഒ.ബി.സി സ്ത്രീകളുണ്ടാകുമോ എന്നറിയാനായിരുന്നു അത്. എന്നാൽ ദലിത്, ആദിവാസി, ഒ.ബി.സി വിഭാഗങ്ങളിൽ നിന്ന് ഒരു സ്ത്രീയും മിസ് ഇന്ത്യയായിട്ടില്ല. എന്നിട്ട് പോലും മാധ്യമങ്ങൾ സംസാരിക്കുന്നത് മുഴുവൻ നൃത്തം, സംഗീതം, ക്രിക്കറ്റ്, ബോളിവുഡ് സിനിമകൾ എന്നിവയെ കുറിച്ചാണ്. കർഷകരെയോ തൊഴിലാളികളെയോ കുറിച്ച് അവർ സംസാരിക്കുന്നില്ല. രാജ്യത്തെ ജനസംഖ്യയിൽ 90 ശതമാനവും വ്യവസ്ഥക്ക് പുറത്താണ്. മാധ്യമങ്ങളിലെ മുൻനിര അവതാരകർ പോലും ഈ വിഭാഗങ്ങളിൽ നിന്നുള്ളവരല്ല. സ്ഥാപനങ്ങൾ, കോർപറേറ്റുകൾ, ബോളിവുഡ്, മിസ് ഇന്ത്യ എന്നിവിടങ്ങളിൽ പിന്നോക്ക വിഭാഗക്കാർ എത്ര പേരുണ്ടെന്ന് അറിയണം. അത് പരിശോധിക്കപ്പെടണം.'-രാഹുൽ ഗാന്ധി പറഞ്ഞു.
രാഷ്ട്രീയ കാരണങ്ങൾക്കുപരിയായി ഇന്ത്യയിലെ 90 ശതമാനം വരുന്ന ദരിദ്രരെ മുഖ്യധാരയിൽ ഉൾപ്പെടുത്താൻ ജാതി സെൻസസ് നടപ്പാക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെടുന്നത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ല. രാജ്യത്തെ 90 ശതമാനം പാവപ്പെട്ട കർഷകരെയും രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയാണ് പ്രധാനം. ഇത് തന്റെ ദൗത്യമാണെന്നും രാഷ്ട്രീയ നഷ്ടം ഉണ്ടെങ്കിലും താനത് ചെയ്യുമെന്നും രാഹുൽ പറഞ്ഞു. ജാതി സെൻസസ് നിർത്തലാക്കാമെന്ന് കരുതുന്നവർ വെറുതെ സ്വപ്നം കാണുകയാണ്. ഇന്ത്യയിലെ ജനങ്ങൾ അതിനായി കാത്തിരിക്കുകയാണ്. പ്രധാനമന്ത്രി അത് അംഗീകരിക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രകടന പത്രികയിലെ പ്രധാന കാര്യങ്ങളിലൊന്ന് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കും എന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.