ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഗോഡ്​സെയെ 'വെളുപ്പിക്കുന്ന' സിനിമ പുറത്തിറങ്ങും; നിരോധിക്കണമെന്ന്​ കോൺഗ്രസ്​

മുംബൈ: മഹാത്മാഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്‌സെയെ പ്രകീർത്തിക്കുന്ന 'വൈ ഐ കിൽഡ് ഗാന്ധി' ('എന്തുകൊണ്ട്​ ഞാൻ ഗാന്ധിയെ കൊന്നു?') എന്ന ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കത്തയച്ചു. ഗോഡ്‌സെയുടെ ബയോപിക് ആയി ചിത്രീകരിച്ച സിനിമ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി 30 നാണ്​ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നത്​.

"നിന്ദ്യവും മനുഷ്യത്വരഹിതവുമായ ഒരു പ്രവൃത്തിയെ മഹത്വവൽക്കരിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന് എതിരാണ്. അതിനാൽ, മഹാരാഷ്ട്രയിലെ തിയറ്ററുകളിലോ ഏതെങ്കിലും ഒ.ടി.ടി പ്ലാറ്റ്‌ഫോമിലോ ആ സിനിമ പ്രദർശിപ്പിക്കരുതെന്ന്​ കോൺഗ്രസ് പാർട്ടി ആവശ്യപ്പെടുന്നു' -തിങ്കളാഴ്ച ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിൽ മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി) പ്രസിഡന്‍റ്​ നാനാ പട്ടോൾ പറഞ്ഞു.

''ഒരു കൊലയാളിയെ നായകനാക്കി മാറ്റുകയാണ്. മഹാത്മാഗാന്ധിയും ഗൗതമബുദ്ധനും ഉയർത്തിപ്പിടിച്ച അഹിംസ എന്ന തത്വമാണ് രാജ്യത്തിന്‍റെ സ്വത്വം. ഒരു കൊലയാളിയെ മഹത്വവത്കരിക്കാനുള്ള ശ്രമം ഈ രാജ്യത്തെ ജനങ്ങൾ വെച്ചുപൊറുപ്പിക്കില്ല'' - പടോലെ മാധ്യമങ്ങളോട് പറഞ്ഞു. ആക്ടിവിസ്റ്റ് ഫിറോസ് മിതിബോർവാല, എൻ.സി.പി നേതാവ് വിദ്യാ ചവാൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഗാന്ധിയുടെ പൈതൃകത്തിന്​ മങ്ങലേൽപിക്കുന്നതിന്​ പിന്നിൽ നരേന്ദ്ര മോദി സർക്കാറിനുള്ള പങ്ക്​ ചെറുതല്ലെന്നും​ അദ്ദേഹം ചൂണ്ടിക്കാട്ടി.

എൻ.സി.പി ലോക്‌സഭ എംപിയും നടനുമായ അമോൽ കോൽഹെയാണ് ഗോഡ്‌സെയായി അവതരിക്കുന്നത്. ഇത് പാർട്ടിക്കുള്ളിൽ ഏറെ എതിർപ്പിനിടയാക്കിയിരുന്നു. മഹാരാഷ്ട്ര ഭവന മന്ത്രി ജിതേന്ദ്ര ഔഹാദടക്കം എം.പിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ, കോൽഹെയുടേത്​ അഭിനയം മാത്രമായി കാണണമെന്നാണ്​ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞത്​. ഈ വാദത്തെ പടോലെ ശക്​തമായി എതിർത്തു. കോൽഹെയുടേത്​ അഭിനയം മാത്രമായി കാണാനാവില്ലെന്നും പ്രത്യയശാസ്ത്ര വിരുദ്ധമാണെന്നും പടോലെ പറഞ്ഞു.

ഡൽഹി ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി അണച്ച്​, ദേശീയ യുദ്ധസ്മാരകത്തിലെ പുതിയ ജ്വാലയുമായി ലയിപ്പിച്ചതിനെയും ബീറ്റിംഗ് റിട്രീറ്റ് ചടങ്ങിൽ നിന്ന് ഗാന്ധിയുടെ പ്രിയപ്പെട്ട ഗാനം ഒഴിവാക്കിയതിനെയും പടോലെ വിമർശിച്ചു. മഹാത്മാഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്‍റെയും പൈതൃകത്തെ പുറംതള്ളാനുള്ള ശ്രമങ്ങളെ അദ്ദേഹം അപലപിച്ചു. ജനുവരി 30ന് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും മുംബൈയിൽ ഗാന്ധി പ്രതിമക്ക്​ സമീപം ഉപവാസ സമരം നടത്തും.


Tags:    
News Summary - Congress urges PM and Thackeray to ban 'Why I killed Gandhi' movie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.