കോൺഗ്രസ് ഇഹ്സാൻ ജാഫരിക്കും കുടുംബത്തിനുമൊപ്പം; സുപ്രീംകോടതി നിലപാട് നിരാശാജനകം -ജയറാം രമേശ്

ന്യൂഡൽഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട സകിയ ജാഫരിയുടെ ഹര്‍ജിയിൽ സുപ്രീംകോടതി നിലപാട് നിരാശാജനകമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ഇൻ-ചാർജ് ജയറാം രമേശ്. മുമ്പുന്നയിച്ച നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാതെ നിൽക്കുന്നു. കോൺഗ്രസ് ഇഹ്സാൻ ജാഫരിക്കും കുടുംബത്തിനുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്ത് കലാപത്തിന്‍റെ ഉത്തരവാദിത്തത്തിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച് വാജ്പേയിക്ക് മോദിയെ ഓർമപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടാണ്?. ഒരു സംസ്ഥാനം അക്രമത്തിന്റെയും കലാപത്തിന്റെയും വലയത്തിലേക്ക് വലിച്ചെറിയപ്പെട്ടാൽ മുഖ്യമന്ത്രിക്കും മന്ത്രിസഭക്കും ഉത്തരവാദിത്തമില്ലേയെന്നും അദ്ദേഹം ചോദിച്ചു.

2002 ഗുജറാത്ത് കലാപത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന വാദം ഉന്നയിച്ചാണ് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി എഹ്സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരി ഹർജി നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് അന്വേഷണ സംഘം ക്ലീന്‍ ചിറ്റ് നല്‍കിയതിനെയും ഹ‍ർജിയില്‍ ചോദ്യം ചെയ്തിരുന്നു. ഗൂഢാലോചന അന്വേഷിക്കാൻ പുതിയ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.

എന്നാല്‍, ഹർജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ.എം ഖാൻവിൽകര്‍, ദിനേഷ് മഹേശ്വരി, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ചിന്‍റേതായിരുന്നു വിധി. മുതിര്‍ന്ന അഭിഭാഷകൻ കപില്‍ സിബലാണ് സകിയ ജാഫരിക്ക് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായിരുന്നത്. മുകുള്‍ റോത്തഗി പ്രത്യേക അന്വേഷണ സംഘത്തിനായും സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത ഗുജറാത്ത് സർക്കാരിനായും ഹാജരായിരുന്നു.

കലാപത്തില്‍ നരേന്ദ്രമോദി ഉള്‍പ്പടെയുള്ളവര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം തള്ളിയുള്ള പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട് മജിസ്ട്രേറ്റ് കോടതിയും ഹൈകോടതിയും ശരിവെച്ചതിന് പിന്നാലെയാണ് ഹർജിക്കാരി സുപ്രീംകോടതിയെ സമീപിച്ചത്. 

Tags:    
News Summary - Congress with Ihsan Jaffrey and family; Supreme Court's stance disappointing -Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.